നാടൻ കിട്ടാനില്ല, അടുക്കളയിലേക്ക് തമിഴ്നാടൻ ഇളമ്പയ്ക്ക; കിലോഗ്രാമിന് 50 രൂപ

കണ്ണൂർ: കല്ലുമ്മക്കായയ്ക്കും ഇളമ്പയ്ക്കയ്ക്കും പ്രശസ്തമായ കണ്ണൂരിലെ അടുക്കളയിൽ ഇപ്പോൾ വേവുന്നത് തമിഴ്നാട്ടിൽ നിന്നെത്തുന്ന ഇളമ്പക്ക. കിലോഗ്രാമിന് 50 രൂപയാണ് വില. മഴക്കാലമായതോടെ ഇവിടെ പുഴയിൽ ഇളമ്പയ്ക്ക ഇല്ലാതായി. ഓരുവെള്ളത്തിലാണ് ഇളമ്പയ്ക്ക ഉണ്ടാകുക. ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ഇളമ്പയ്ക്ക ഫ്രൈ. അതുകൊണ്ടാണ് തമിഴ്നാട്ടിൽ നിന്നുള്ള ഇളമ്പയ്ക്ക കൊണ്ടുവരുന്നത്. വലിയതായതിനാൽ ഒരു കിലോഗ്രാമിൽ 25 മുതൽ 30 എണ്ണമുണ്ടാകും. പഴയങ്ങാടി ഭാഗത്ത് ചെറുകിട കച്ചവടക്കാർ നിത്യേന 200 കിലോഗ്രാം വരെ വിൽപന നടത്തുന്നുണ്ട്. നാട്ടിലെ ഇളമ്പയ്ക്കയ്ക്ക് 30 രൂപയാണ്. മഴക്കാലം കഴിഞ്ഞാലേ ഇനി പുഴകളിൽ ഇളമ്പയ്ക്കയ്ക്കുണ്ടാകൂ. അതേസമയം കല്ലുമ്മക്കായയ്ക്കും ഉയർന്ന വിലയാണ്. വലുതിന് 320 രൂപയും ചെറുതിന് 200 രൂപയുമാണു കിലോഗ്രാമിന് വില.