മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്: മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ

Share our post

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമാണം അന്തിമഘട്ടത്തിൽ. വീടുചുമരിന്റെ തേപ്പ്, വയറിങ്, പ്ലമ്പിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മാതൃകാവീടിനൊപ്പംതന്നെ മറ്റുവീടുകളുടെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. മാതൃകാവീടുൾപ്പെടുന്ന ടൗൺഷിപ്പിന്റെ ഒന്നാം സോണിൽ ആകെ 140 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ 140 വീടുകൾക്കുള്ള സ്ഥലവും ഒരുക്കിക്കഴിഞ്ഞു. 100 വീടുകളുടെ സ്ഥലത്തിന്റെ അതിർത്തി അടയാളപ്പെടുത്തി. 51 വീടുകളുടെ ഫൗണ്ടേഷൻ കുഴിയെടുക്കൽ പൂർത്തിയായി. 42 എണ്ണത്തിന്റെ പിസിസി വർക്കും കഴിഞ്ഞു. 23 വീടുകളുടെ ഫൗണ്ടേഷൻ കോൺക്രീറ്റും കഴിഞ്ഞു. രണ്ട്, മൂന്ന് സോണുകളിൽ വീടുകൾക്കായുള്ള സ്ഥലമൊരുക്കൽ പുരോഗമിക്കുകയാണ്. രണ്ടാമത്തെ സോണിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. അഞ്ചുസോണുകളിലായിട്ട് 410 വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. 410 വീടുകളിലായി 1662-ഓളം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക. ഏപ്രിൽ 16-നാണ് ടൗൺഷിപ്പ് നിർമാണം തുടങ്ങിയത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. രണ്ടുകിടപ്പുമുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വർക്ക് ഏരിയ എന്നിവസഹിതമാണ് വീടുനിർമിക്കുന്നത്. രണ്ടു കിടപ്പുമുറികളിൽ ഒന്നിൽ അറ്റാച്ച്ഡ് ബാത്ത്റൂമും ഉണ്ടാവും. കൂടാതെ, ഒരു പൊതുശൗചാലയം വീട്ടിലുണ്ടാവും. ഗോവണി വീടിന് പുറംഭാഗത്താണ് നിർമിക്കുന്നത്.താമസക്കാർക്ക് ഭാവിയിൽ രണ്ടാംനില നിർമിക്കാനും വാടകയ്ക്ക് നൽകാനുമൊക്കെയുള്ള സൗകര്യം കണക്കിലെടുത്താണ് ഗോവണി വീടിനുപുറത്ത് നിർമിക്കുന്നത്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുംവിധമാണ് വീടുകൾ രൂപകല്പനചെയ്തിരിക്കുന്നത്.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നിർമാണപ്രവൃത്തിയുടെ ഭാഗമായി ലേബർ ഷെഡും ഓഫീസ് പ്രവർത്തനവും തുടങ്ങി. ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ലേബർ ഷെഡും ഓഫീസ് സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെത്തും.ജൂലായിൽ പൂർത്തിയാവും

നിർമാണപ്രവർത്തനങ്ങൾക്കായി 110 തൊഴിലാളികളാണ് നിലവിൽ ജോലിചെയ്യുന്നത്. പ്രവൃത്തികൾ വേഗത്തിലാക്കാൻ വരുംദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും. ഇടക്കാലത്ത് മഴ ചെറിയതടസ്സമായിരുന്നു. നിർമാണപ്രവർത്തനം തുടങ്ങിയയിടങ്ങളിൽ മഴ ബാധിക്കില്ല.

-മന്ത്രി കെ. രാജൻ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!