കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കോർപറേഷന്റെ ‘ഓപ്പറേഷൻ ഒച്ച്’

കണ്ണൂർ: ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷൻ ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒച്ചുകളെയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. ഒരു കിലോ കോപ്പർ സൾഫേറ്റ് 10 ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയർ ഉപയോഗിച്ച് പമ്പ് ചെയ്താണ് ഒച്ച്കൂട്ടത്തെ നശിപ്പിക്കുന്നത്. കാബേജ്, പച്ചക്കറി പോലുള്ളവയുടെ ഇലകൾ ഇവയെ കണ്ടെത്തുന്ന സ്ഥലത്തിന്റെ മൂലയിൽ കൂട്ടിയിടുകയും ഈ ഇല തിന്നാനായി ഒച്ചുകൾ കൂട്ടമായി എത്തുമ്പോൾ ഇവയെ തുരിശ് ലായനി തളിച്ച് നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി മേയർ മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തുരിശ് ലായനി തളിച്ച് നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർ കെ.പി.അബ്ദുൽ റസാഖ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി.പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.ആർ.സന്തോഷ് കുമാർ, കെ.ജി.ദീപാവല്ലി എന്നവർ പങ്കെടുത്തു.