മലയോരത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ചെറുപുഴ: മണ്‍സൂണ്‍ ആസ്വദിക്കാന്‍ മലയോരമേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി തിരുനെറ്റിക്കല്ല്, താബോര്‍ കുരിശുമല, ഉദയഗിരി പഞ്ചായത്തിലെ തെരുവമല എന്നിവിടങ്ങളിലേക്കും കോഴിച്ചാല്‍ മുതല്‍ ചുണ്ട വരെ കാര്യങ്കോട് പുഴയിലൂടെയുളള വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ആസ്വദിക്കാനുമാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. മഴക്കാലത്ത് പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് തിരുനെറ്റിക്കല്ലും, താബോര്‍ കുരിശുമലയും തെരുവമലയും.ചെങ്കുത്തായ കയറ്റം കയറിവേണം സമുദ്രനിരപ്പില്‍ നിന്നും 2500 അടിവരെ ഉയരത്തിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്താന്‍. ഇവിടെ നിന്നും പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലേക്കും കിഴക്ക് പശ്ചിമഘട്ട മലനിരകളിലേക്കും നോട്ടമെത്തുന്ന പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ കഴിയും. മഴക്കൊപ്പം കുളിരുപകരുന്ന കാറ്റും കോടമഞ്ഞും കൂടിയാകുമ്പോള്‍ മലമുകളിലേക്ക് നടന്നെത്തുന്നവര്‍ക്ക് ക്ഷീണമറിയില്ല.അവധി ദിനങ്ങളില്‍ നൂറുകണക്കിനാളുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്നത്. മൂന്നിടത്തേക്കും മലയുടെ അടിവാരം വരെ ജീപ്പുപോലുളള ഓഫ് റോഡ് വാഹനങ്ങളുമെത്തും. അതുകൊണ്ടുതന്നെ കുടുംബസമേതം ഇവിടങ്ങളിലേക്ക് എത്തുന്നതും നിരവധിയാണ്. താബോര്‍ കുരിശുമലയിലെ ക്രിസ്തുവിന്റെ സ്തൂപം കേരളത്തിലെ തന്നെ ഏറ്റവും വലിയ സ്തൂപങ്ങളിലൊന്നാണ്. അടുത്തകാലത്തിറങ്ങിയ രണ്ട് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തെരുവപ്പുല്ലു നിറഞ്ഞ മൂന്ന് മൊട്ടക്കുന്നുകളുടെ സംഗമമാണ് തെരുവമലയെ വേറിട്ടതാക്കുന്നത്. ജോസ്ഗിരി തിരുനെറ്റിക്കല്ല് സാഹസപ്രിയരെ എക്കാലത്തും ആകര്‍ഷിക്കുന്ന പ്രകൃതിദത്ത കരിങ്കല്‍ ശിൽപമാണ്. തിരുനെറ്റിക്കല്ലും കുരിശുമലയും തെരുവമലയും തമ്മില്‍ ഏതാനും കിലോമീറ്ററുകളുടെ മാത്രം അകലമേയുള്ളൂ. അതിനാല്‍ അതിരാവിലെ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തുന്നവര്‍ക്ക് മറ്റ് രണ്ടിടങ്ങളും സന്ദര്‍ശിച്ച് വൈകീട്ടോടെ മടങ്ങാന്‍ കഴിയുന്നതും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.കാര്യങ്കോട് പുഴയിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് പുഴയിലെ കുത്തൊഴുക്കിലൂടെയുള്ള അതിസാഹസിക യാത്രയാണ്. 20 പേര്‍ക്ക് വരെ ഒരേസമയം സഞ്ചരിക്കാവുന്നതാണ് ഇവിടെ ഉപയോഗിക്കുന്ന റാഫ്റ്റുകള്. സഞ്ചാരികളെ സഹായിക്കാന്‍ വൈദഗ്ധ്യം നേടിയ ഗൈഡുകളുമുണ്ട്.
സാഹസ പ്രിയരും നല്ല ആരോഗ്യവും ഉള്ളവരെ മാത്രമേ റാഫ്റ്റിങ്ങിന് അനുവദിക്കാറുള്ളൂ. വിവിധ ജില്ലകളില്‍ നിന്നും കേരളത്തിനു പുറത്തുനിന്നും റാഫ്റ്റിങ് ആസ്വദിക്കാന്‍ ഇവിടേക്ക് സഞ്ചാരികള്‍ എത്താറുണ്ട്. ഇതും മണ്‍സൂണ്‍ സീസണില്‍ മാത്രം സജീവമാകുന്ന വിനോദമായതിനാല്‍ എല്ലാ മഴക്കാലത്തും ധാരാളം പേര് റാഫ്റ്റിങ്ങിനായി ചെറുപുഴയിലേക്ക് എത്താറുണ്ട്. വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നതിനാല്‍ ജോസ്ഗിരി, താബോര്‍, തിരുമേനി ഭാഗങ്ങളിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും മികച്ച വരുമാനവും ഇതുവഴി ലഭിക്കുന്നുണ്ട്. അതേസമയം ധാരാളം സഞ്ചാരികള്‍ എത്തുന്ന ഈ സ്ഥലങ്ങള്‍ക്ക് സമീപം ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ശക്തമായ മഴയില്‍ ഈ സ്ഥലങ്ങളിലേക്കുള്ള റോഡുകളും തകര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇത്തരം പരിമിതികള്‍ക്കിടയിലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ മലയോരത്തെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.