മലബാർ കാൻസർ സെന്റർ ഉയരങ്ങളിലേക്ക്

തലശേരി: പി.ജി ഇൻസ്‌റ്റിറ്റ്യൂട്ടായി അതിവേഗം വികസിക്കുന്ന മലബാർ കാൻസർ സെന്ററിന്റെ ചരിത്രത്തിലെ സുവർണ നാളുകളായിരുന്നു കഴിഞ്ഞ ഒമ്പതുവർഷം. പുതിയകെട്ടിടങ്ങൾ, അത്യാധുനിക യന്ത്ര സംവിധാനങ്ങൾ, കൂടുതൽ ഡോക്‌ടർമാരും ജീവനക്കാരും. മലബാർ കാൻസർ സെന്റർ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിലെ മാറ്റത്തിനൊപ്പം ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുന്നു. കേരളത്തിൽനിന്ന് മാത്രമല്ല, ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് കോടിയേരിയിലേക്ക് രോഗികളെത്തുന്നത്. കഴിഞ്ഞ വർഷം 1.1 ലക്ഷം പേർ ചികിത്സക്കെത്തി. ഇതിൽ എട്ടായിരം പുതിയ രോഗികളായിരുന്നു. മുഖ്യമന്ത്രി പിണറായിവിജയന്റെ അധ്യക്ഷതയിൽ 2016-ൽ ചേർന്ന 9-ാ–-മത് ഭരണസമിതി യോഗത്തിലാണ് എംസിസിയെ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി വികസിപ്പിക്കാൻ തീരുമാനിച്ചത്. പിന്നീട് വളർച്ചയുടെ പടവുകൾ അതിവേഗം കയറുകയായിരുന്നു ഈ സ്ഥാപനം. ഡേ-കെയർ സൗകര്യങ്ങൾ ഉൾപ്പെടെ 204 കിടക്കകളുള്ള ആശുപത്രി 353 കിടക്കകളോടുകൂടിയ ചികിത്സാ കേന്ദ്രമായി വികസിച്ചു. കിഫ്ബി പദ്ധതികൾ പൂർത്തിയാകുന്നതോടെ 450 കിടക്കകളുള്ള ആശുപത്രിയാവും. മികച്ച ചികിത്സക്കൊപ്പം പഠന–-ഗവേഷണ രംഗത്തും നമ്പർ വണ്ണാണ്. ബിഎസ്‌സി നഴ്‌സിങ് ഉൾപ്പെടെ വിവിധ കോഴ്‌സുകളുമുണ്ട്. മജ്ജമാറ്റ ശസ്‌ത്രക്രിയയിൽ നമ്പർ വൺ മജ്ജ മാറ്റിവയ്‌ക്കൽ ചികിത്സപോലെയുള്ള വളരെ ചെലവേറിയതും അതീവ വൈദഗ്ധ്യം വേണ്ടതുമായ ചികിത്സാ രീതികൾ താരതമ്യേന കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞു. ഇതുവരെ 247ലേറെ മജ്ജ മാറ്റിവയ്‌ക്കൽ ചികിത്സ വിജയകരമായി പൂർത്തീകരിച്ചു. റോബോട്ടിക് ശസ്‌ത്രക്രിയ, കണ്ണുകളിലെ അർബുദത്തിനുള്ള ചികിത്സ, കാർ ടിസെൽ തെറാപ്പി തുടങ്ങി കാൻസർ ചികിത്സയിലെ ഏറ്റവും ലേറ്റസ്‌റ്റായ എല്ലാ സംവിധാനവും ഇന്ന് എംസിസിയിലും റെഡിയാണ്. ടെസ്‌ലഎംആർഐ, ഡെക്‌സ സ്‌കാൻ, ഗാലിയം ജനറേറ്റർ എന്നിവ ഉപയോഗിച്ചുള്ള രോഗ നിർണയ സംവിധാനങ്ങളും പ്രവർത്തനമാരംഭിച്ചു. -64 സ്ലൈസ് ഫ്ലൂറോ-സിടി സ്കാൻ, സ്‌പെക്‌ട് സിടി സ്‌കാൻ, റേഡിയോ ന്യൂക്ലിഡ് തെറാപ്പി യൂണിറ്റ്, പെറ്റ് സിടി സ്‌കാൻ എന്നിവയെല്ലാം എംസിസിയിലിന്നുണ്ട്. ഫോറസ്റ്റ് എഫ്-18 പിഎസ്എംഎ സ്കാൻ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചതും എംസിസിയിലാണ്. തലച്ചോറും സുഷുമ്ന നാഡിയുമായി ബന്ധപ്പെട്ട അർബുദശസ്ത്രക്രിയകൾ ചെയ്യുന്നതിനായി ന്യൂറോ സർജിക്കൽ ഓങ്കോളജി വിഭാഗം, കണ്ണുകളിലെ അർബുദവുമായി ബന്ധപ്പെട്ട ചികിത്സാവിഭാഗമായ ഒക്യൂലർ ഓങ്കോളജി, രോഗബാധിത കോശങ്ങളെ സംഭരിച്ച് ഭാവിയിലെ ഗവേഷണങ്ങൾക്ക് ഉപയോഗിക്കുവാനുള്ള ബയോ ബാങ്ക് സംവിധാനം എന്നിവയും എംസിസിയിലുണ്ട്. കിഫ്ബി രണ്ടാംഘട്ടത്തിൽ 406 കോടി രൂപ ചെലവിൽ 14 നിലകളിലായി 450 ബെഡും 14 ഓപ്പറേഷൻ തിയേറ്ററുമുള്ള കെട്ടിട നിർമാണം പുരോഗമിക്കുന്നു.