ഭർതൃമതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളാണ് മൃതദേഹം രാജേഷിൻ്റേതാണെന്ന് തിരിച്ചറിഞ്ഞത്. ബേക്കൽ എസ്.ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭർതൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തിൽ നിന്നും കാണാതായത്.
ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയിൽ ചാടിയത്. രാജേഷിനെ ഒഴുക്കിൽപെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു.
ബേക്കൽ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ മാർഗം വളപട്ടണത്തിൽ എത്തുകയായിരുന്നു. അന്ന് രാത്രി 12 മണിയോടെയാണ് ഇരുവരും പുഴയിൽ ചാടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. യുവതി ഭർത്താവിനൊപ്പം പോയി. രാജേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.