ഹരിത കേരളം: ജൂലൈയിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ജലബജറ്റ്

ഹരിത കേരളം മിഷന്റെ ഭാഗമായി 2025 ജൂൺ അഞ്ചു മുതൽ സെപ്റ്റംബർ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം ആരംഭിച്ച ഒരു തൈ നടാം എന്ന ഒരു കോടി തൈ നടുന്ന ജനകീയ ക്യാമ്പയിനിന്റ ഭാഗമായി ജില്ലയിൽ 20,709 ഇടങ്ങളിൽ 34,893 തൈകൾ നട്ടു പിടിപ്പിച്ചു. ഇതിൽ 2738 പൊതു ഇടങ്ങളിൽ 13583 തൈകൾ നട്ടു. 92,991 തൈകൾ ജനകീയമായും ശേഖരിച്ചു. സംസ്ഥാനത്ത് നിലവിൽ 3,93,192 ഇടങ്ങളിൽ 7,27,355 തൈകൾ നട്ടു.
പശ്ചിമഘട്ട നീർച്ചാലുകളുടെ ശാസ്ത്രീയ മാപ്പിങ്ങിൽ ജില്ലയിൽ 18 ഗ്രാമ പഞ്ചായത്തുകളുടേത് പൂർത്തീകരിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജലബജറ്റ് ജൂലൈയോടെ പൂർത്തീകരിക്കും. ജില്ലയിൽ നിലവിൽ 21 ജല ഗുണനിലവാര നിർണയ ലാബുകളിൽ നിന്നായ് 2,225 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ഒരു പാറക്വാറിയിൽ റീചാർജ് പ്രവർത്തനം നടക്കുന്നുണ്ട്. പച്ചത്തുരുത്ത് പദ്ധതിയിൽ ജില്ലയിൽ 235 പച്ചത്തുരുത്തുകൾ 315.86 ഏക്കർ ഭൂമിയിലായി സ്ഥാപിച്ചിട്ടുണ്ട്. 425 പച്ചത്തുരുത്തുകളാണ് ലക്ഷ്യമിടുന്നത്. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ജില്ലയിൽ നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ നടക്കുന്നത്. തലശ്ശേരി എൻജിനീയറിങ്ങ് കോളേജാണ് കാർബൺ നെഗറ്റീവ് സ്റ്റാറ്റസ് കൈവരിച്ച ഏക സ്ഥാപനം. സംസ്ഥാനത്ത് ആകെ 341 ഹരിത ടൂറിസം കേന്ദ്രങ്ങളും 3,905 ഹരിത ടൗണുകളുമാണുള്ളത്. അതിൽ ജില്ലയിൽ 34 ഹരിത ടൂറിസം കേന്ദ്രങ്ങളും 369 ഹരിത ടൗണുകളുമുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിലെ ഹരിതസ്പർശം, കാനാമ്പുഴ നീർത്തട പദ്ധതി, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പാനുണ്ടകുളം പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തി നീന്തൽ പഠനകേന്ദ്രവും ടൂറിസം കേന്ദ്രവുമാക്കി, പാഷൻ ഫ്രൂട്ട് വാലി ചെയിൻ എന്ന ശാസ്ത്രീയമായ പാഷൻ ഫ്രൂട്ട് കൃഷി എന്നിവയാണ് ജില്ലയിലെ ഹരിത കേരളം മിഷന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ.