മീന്‍ തൊട്ടാല്‍ കൈപൊള്ളും; അയല വില 500 കടന്നു

Share our post

ചെറുവത്തൂര്‍(കാസര്‍കോട്): ട്രോളിങ് നിരോധനത്തിന് ശേഷം മീന്‍ വരവ് നിലച്ചു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള വള്ളങ്ങള്‍ക്ക് ട്രോളിങ് നിരോധനം ബാധകമല്ലെങ്കിലും ജില്ലയില്‍ മീന്‍പിടിത്ത മേഖല നിശ്ചലമാണ്. കടലേറ്റവും മീന്‍ലഭ്യത കുറഞ്ഞതും കാരണം വള്ളങ്ങള്‍ കടലില്‍ പോക്ക് നിര്‍ത്തി. പോകുന്ന വള്ളങ്ങളില്‍ മിക്കതും വെറും കൈയോടെയാണ് മടക്കം. ഒന്നും രണ്ടും വട്ടിയുമായെത്തിയാല്‍ അതിന് പിടിവലിയാണ്. മടക്കര തുറമുഖത്ത് ഒരുവട്ടി അയലയ്ക്ക് (20 കിലോ) കഴിഞ്ഞ ദിവസം ലേലം വിളിച്ചത് 10,000 രൂപയ്ക്ക് മേലേയാണ്. ഒരുകിലോ അയലയ്ക്ക് 500 രൂപ കടന്നു. ഒഴുക്ക് കൂടുതലായതിനാല്‍ പുഴകളിലെ മീന്‍പിടിത്തവും മുടങ്ങി. ഇതര സംസ്ഥാനങ്ങളില്‍നിന്നും മാര്‍ക്കറ്റുകളിലേക്ക് മീന്‍വരവ് തുടങ്ങിയില്ല. ചോമ്പാലയില്‍നിന്നും കണ്ണൂരില്‍നിന്നുമെത്തിക്കുന്ന മീനാണ് കൊട്ടവില്പനക്കാര്‍ക്ക് ആശ്രയം. നത്തല്‍, മുള്ളന്‍, ചെമ്മീന്‍ എന്നിവയാണ് ഇങ്ങനെയെത്തുന്നത്. ഇവയ്ക്കാണെങ്കില്‍ പൊന്നുംവിലയാണ് ഈടാക്കുന്നത്. കാലാവസ്ഥ അനുകാലമായാല്‍ വരും ദിവസങ്ങളില്‍ വള്ളങ്ങള്‍ക്ക് കടലില്‍ പോകാനാകുമെന്ന പ്രതീക്ഷയിലാണ് തീരദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!