ഐ.ടി പഠിപ്പിക്കാൻ ബുദ്ധിമുട്ടി അധ്യാപകർ, അഞ്ചു ദിവസത്തെ പരിശീലനം മാത്രം, കടുകട്ടി സിലബസ്

‘ആകെ ലഭിക്കുന്നത് അഞ്ചുദിവസത്തെ പരിശീലനം. ബാക്കി സ്വയം പഠനം. സ്വന്തം വിഷയമായ ഹിന്ദി പഠിപ്പിക്കാനുള്ള ഒരുക്കത്തിനിടയിലും സമയം കണ്ടെത്തി ഐടി പഠനം. എന്നിട്ടും ക്ലാസിലെത്തി കുട്ടികൾക്ക് മുൻപിൽ നിൽക്കുമ്പോൾ കടുത്ത ആത്മവിശ്വാസക്കുറവ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലുള്ളവരെ ഐടി പഠിപ്പിക്കണം. അതിനുള്ള അധ്വാനം വേറെ. ഐടി പീരിയഡുള്ള ദിവസത്തിന് തലേന്ന് ഉറക്കമില്ലാത്ത സ്ഥിതിയാണ്’ – തൃശ്ശൂരിലെ ഹൈസ്കൂൾ അധ്യാപികയുടെ വാക്കുകളാണിത്. എട്ട്, പത്ത് ക്ലാസുകളിലെ പുതുക്കിയ സിലബസ് പ്രകാരമുള്ള ഐടി ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കൽ അധ്യാപകർക്ക് തലവേദനയാകുന്നു.വേഡ് പ്രോസസിങ്ങ്, പ്രസന്റേഷൻ സോഫ്റ്റ്‌വേർ, ബ്ലോക്ക് കോഡിങ്, കംപ്യൂട്ടർ ഗെയിമുകൾ മുതൽ റോബോട്ടിക് എൻജിനീയറിങ് വരെയുള്ള വിവരവിനിമയ സാങ്കേതിക വിദ്യകളുടെ പാഠങ്ങൾ വിദ്യാർഥികൾക്ക് പകർന്നു നൽകാൻ പ്രത്യേക അധ്യാപകരില്ല. ഇതിനുപുറമേ ജിയോജിബ്ര, അവാഗാഡ്രോഫൈറ്റ് തുടങ്ങിയ സോഫ്റ്റ്‌വേറുകളും പരിചയപ്പെടുത്തണം.ഐടിയിൽ പ്രാഥമിക യോഗ്യത പോലുമില്ലാത്ത, മറ്റ് വിഷയങ്ങളിലെ അധ്യാപകരാണ് ഈ വിഷയങ്ങൾ പഠിപ്പിക്കേണ്ടി വരുന്നത്. ഭാഷ മുതൽ സയൻസ് വരെയുള്ള വിഷയങ്ങളുടെ പഠനപ്രക്രിയയിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക എന്ന കാഴ്ചപ്പാടിലാണ് ഐടിക്ക് പ്രത്യേക അധ്യാപകരെ നിയമിക്കാത്തത്. ചില സ്കൂളുകൾ അധ്യാപകരെ സഹായിക്കാൻ അനൗദ്യോഗികമായി ലാബ് അസിസ്റ്റന്റുമാരെ താത്‌കാലികമായി നിയമിക്കാറുണ്ട്. അഞ്ചുദിവസത്തെ പരിശീലനം മാത്രം കിട്ടി ഭാരിച്ച സിലബസ് പഠിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു.