കേരളത്തിന്‍റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. 1991 ബാച്ചിലെ ഉദ്യോഗസ്ഥനാണ് റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ്. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ പൊലീസ് മേധാവിയുടെ കസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ റാവഡാ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.
കൃത്യതയാണ് റവാഡയുടെ മുഖമുദ്ര. മകൻ സിവിൽ സർവ്വീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിൻ്റെ ആഗ്രഹം. പഠിച്ചു വളർന്ന ചന്ദ്രശേഖറിൻ്റെ ആഗ്രഹം ഡോക്ടറാകാനുമായിരുന്നു. എംബിബിഎസ് കിട്ടാത്തതിനാൽ അഗ്രിക്കൽച്ചറൽ പഠത്തിലേക്ക് നീങ്ങി. പിജി കഴിഞ്ഞപ്പോള്‍ സിവിൽ സർവ്വീസിലൊന്നു കൈവച്ചു. 1991 ബാച്ചിൽ ഐപിഎസ് കിട്ടി അച്ഛൻ്റെ ആഗ്രഹം സാധിച്ചു. തലശേരി എഎസ്പിയായിരുന്നു തുടക്കം. പക്ഷേ തുടക്കം കയ്പു നിറഞ്ഞതായിരുന്നു. കൂത്തുപറമ്പ് വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവ്വീസിൽ തിരിച്ചെത്തി റവാഡ ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തു റവാഡ.
തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്.സി.ആർ.ബിയിൽ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. നെക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികളിൽ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാൻ താൽപര്യമറിയിച്ചത്. പട്ടികയില രണ്ടാം സ്ഥാനക്കാരനായി ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരൻ. റവാഡയെന്ന കർഷക തറവാടിൽ നിന്നും പൊലീസ് മേധാവി കസേരയിലേക്ക് എത്തുകയാണ് റവാഡ. മികച്ച് സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.