ജലനിരപ്പ് 136 അടി ; മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായതിനാൽ ഞായർ രാവിലെ 10ന് സ്‌പിൽവേ ഷട്ടർ തുറക്കാൻ കേരള –തമിഴ്‌നാട് അധികൃതർ ധാരണയായി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ ഗണ്യമായ കുറവുവന്നാൽ ഞായറാഴ്‌ച അണക്കെട്ട് തുറക്കില്ലെന്നും അധികൃതർ പറഞ്ഞു. 10 സ്‌പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 600 മുതൽ 1000 ഘനയടി വെള്ളം തുറന്നുവിടാനാണ് തീരുമാനം. 13 സ്‌പിൽവേ ഷട്ടറുകളുണ്ട്. തുറന്നുവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മുന്നൊരുക്കങ്ങളും സ്വീകരിച്ചു. ശനി രാത്രി പത്തോടെയാണ് പരമാവധി സംഭരണശേഷിയിയായ 136 അടിയിലേക്ക് എത്തിയത്. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.75 അടിയായിരുന്നു.