കേരളത്തിലേക്ക് സുഖയാത്രയാകും; കുട്ട-തോൽപ്പെട്ടി, മാക്കുട്ടം-കൂട്ടുപുഴ ചുരം റോഡുകൾ നവീകരിക്കും

Share our post

മൈസൂരു: കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന രണ്ടു അന്തസ്സംസ്ഥാന പാതകൾ നവീകരിക്കും. വയനാട്ടിലേക്കുള്ള കുട്ട-തോൽപ്പെട്ടി, കണ്ണൂരിലേക്കുള്ള മാക്കുട്ടം-കൂട്ടുപുഴ ചുരം റോഡുകളാണ് സംസ്ഥാന പൊതുമരാമത്തിന്റെ നേതൃത്വത്തിൽ നവീകരിക്കുക. തെക്കൻ കുടക് മേഖലയിലൂടെ കേരളവുമായി ബന്ധിപ്പിക്കുന്ന കുട്ട-തോൽപ്പെട്ടി അന്തസ്സംസ്ഥാന പാത 3.4 കോടി രൂപയ്ക്കാണ് നവീകരിക്കുകയെന്ന് വിരാജ്‌പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണ അറിയിച്ചു. രണ്ട് പ്രവൃത്തികളുടെയും അന്തിമ പദ്ധതികൾ തയ്യാറകുന്നതേയുള്ളൂവെന്നും എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കുട്ടറോഡിലെ രണ്ടു പാലങ്ങളും വീതികൂട്ടും. കർണാടകത്തിൽനിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന മാക്കുട്ടം-കൂട്ടുപുഴ ചുരംറോഡ് വീതികൂട്ടും. ചുരം പാത വീതികുറഞ്ഞതുകാരണം വാഹനയാത്രികർക്ക് രാത്രികാലങ്ങളിൽ ബുദ്ധിമുട്ടാവാറുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ റീ ടാറിങ് ചെയ്യും. മഴക്കാലത്തിനുശേഷം രണ്ട് പ്രവൃത്തികളും തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചു. ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലൂടെ രാത്രികാല ഗതാഗതം നിരോധിച്ചതിനാൽ നിലവിൽ നൂറുകണക്കിന് ട്രാൻസ്‌പോർട്ട് ബസുകൾ കുട്ട-തോൽപ്പെട്ടി റൂട്ടിനെ ആശ്രയിക്കുന്നുണ്ട്. അതിനാൽ ഈ റേഡിന്റെ നവീകരണം ഇരു സംസ്ഥാനത്തെയും യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. കൂടാതെ കുട്ട ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളിലെ പൊതുജനങ്ങൾ കൂടുതലായും മാനന്തവാടി ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന കുടകിൽനിന്നുള്ളവർക്കും നവീകരണം ഏറെ ആശ്വാസകരമാകുമെന്നും എംഎൽഎ അറിയിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!