ഓപ്പറേഷൻ സിന്ധു: സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ

Share our post

ദില്ലി: ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിലേയും ഇസ്രയേലിലേയും സംഘർഷമേഖലയിൽ നിന്ന് ജൂൺ 18 മുതൽ 26 വരെ സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ നാട്ടിലെത്തിയത് 67 പേർ. ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി മടങ്ങിയെത്തുന്ന കേരളീയര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലി കേരള ഹൗസിലെ റസിഡന്‍റ് കമ്മിഷണര്‍ക്ക് ജൂൺ 18ന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന്‍റെ ഭാഗമായി അഡീഷണൽ റസിഡന്‍റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷൻ പ്രവർത്തനങ്ങൾ ഏകേപിപ്പിച്ചത്. ഇറാനിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ജൂൺ 21നാണ് ആദ്യ മലയാളി ദില്ലിയിൽ എത്തിയത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ നാട്ടിൽ വീടിന് സമീപമുളള എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് ദൗത്യ സംഘം കൈക്കൊണ്ടത്.

കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ ടിക്കറ്റും ഭക്ഷണവും വാഹന സൗകര്യവും ഒരുക്കിയാണ് ദൗത്യസംഘം സംഘര്‍ഷമേഖലയിൽ നിന്ന് എത്തിച്ചേർന്നവരെ സ്വീകരിച്ചത്. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളിലൂടെ കേരള ഹൗസ് മുഖേന ദില്ലിയിൽ എത്തിച്ചേർന്നത് ആകെ 88 പേരാണ്. ഇതിൽ 21 പേർ ഇറാനിൽ നിന്നും 67 പേർ ഇസ്രയേലിൽ നിന്നുമായിരുന്നു. ഇറാനിൽ നിന്നെത്തിയ 17 പേരെയും ഇസ്രായേലിൽ നിന്നെത്തിയ 50 പേരെയുമുൾപ്പെടെ ആകെ 67 പേരെയാണ് സംസ്ഥാന സർക്കാരിന്‍റെ കരുതലിൽ കേരളത്തിലേക്ക് എത്തിച്ചത്. 21 പേർ സ്വന്തം നിലയിൽ ദില്ലിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!