തപാൽ സ്വതന്ത്ര വിതരണകേന്ദ്രം 30 മുതൽ;വിലാസക്കാരനില്ലെങ്കിൽ നെട്ടോട്ടമോടണം

കണ്ണൂർ: തപാൽ ഓഫീസുകളിൽ നിന്ന് ഉരുപ്പടികളെത്തുമ്പോൾ വിലാസക്കാരനില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ നെട്ടോട്ടമോടണം. സ്വതന്ത്ര വിതരണകേന്ദ്രം നിലവിൽ വരുന്നതോടെയാണ് വിലാസക്കാരന് ഉരുപ്പടികൾ കൈപ്പറ്റാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരിക. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെ സ്വതന്ത്ര വിതരണകേന്ദ്രം ആരംഭിക്കാനുള്ള തീരുമാനം തപാൽ ഓഫീസുകളുടെ പ്രവർത്തനവും താളം തെറ്റിക്കും. ജില്ലയിൽ മൂന്ന് വിതരണ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങൾ ഈ രീതിയിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. തപാൽ മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടാണ് തപാൽ ഉരുപ്പടികളുടെ വിതരണത്തിനായി സ്വതന്ത്ര വിതരണ കേന്ദ്രങ്ങൾ തുടങ്ങാൻ തപാൽ വകുപ്പ് തീരുമാനിച്ചത്. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ്, അലവിൽ, ചാലാട്, സിവിൽ സ്റ്റേഷൻ, കണ്ണൂർ സിറ്റി, കടലായി, കക്കാട്, കൊറ്റാളി തുടങ്ങിയ ഓഫീസുകളിലെ തപാൽ ഉരുപ്പടികളുടെ വിതരണം തിങ്കളാഴ്‌ച മുതൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുക. തളിപ്പറമ്പ്, കല്യാശേരി, കാനൂൽ, കുറ്റിക്കോൽ, പട്ടുവം, അരിയിൽ തുടങ്ങിയ തപാൽ ഓഫീസുകളിലെ വിതരണം തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചും തലശേരി, ചിറക്കര, തിരുവങ്ങാട്, മൂഴിക്കര എന്നീ പോസ്‌റ്റ് ഓഫീസുകളിലേത് തലശേരി കേന്ദ്രീകരിച്ചും നടക്കും.
തപാൽ ഓഫീസുകളെ ആശ്രയിക്കുന്ന പൊതുജനങ്ങളെ സാരമായി ബാധിക്കുന്നതാണ് സ്വതന്ത്ര വിതരണ സംവിധാനം. രജിസ്‌ട്രേഡ്, സ്പീഡ് പോസ്റ്റ് ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭിക്കാത്ത സാഹചര്യമാണ് ഈ സംവിധാനം നടപ്പിൽ വരുന്നതോടെ ഉണ്ടാവുകയെന്ന് ജീവനക്കാർ പറയുന്നു. ഉരുപ്പടിയുമായെത്തുമ്പോൾ മേൽവിലാസക്കാരനില്ലെങ്കിൽ മടങ്ങിയെത്തുന്നവ ഇനി സ്വന്തം പോസ്‌റ്റ് ഓഫീസിൽേനിന്ന് കിട്ടില്ല. ഇത് കിട്ടണമെങ്കിൽ പത്തും ഇരുപതും കിലോമീറ്ററുകൾ സഞ്ചരിച്ച് സ്വതന്ത്ര വിതരണകേന്ദ്രത്തിലേക്ക് പോകേണ്ടി വരും. ഇത്തരം കേന്ദ്രങ്ങളിൽ മുപ്പത് മുതൽ നാൽപതുവരെയുള്ള ജീവനക്കാർക്ക് ഒരേ സമയം ജോലി ചെയ്യുന്നതിന് ആവശ്യമായ സ്ഥലമോ പശ്ചാത്തല സൗകര്യങ്ങളോ ഒരുക്കിയിട്ടുമില്ല. തപാൽ ഉരുപ്പടികളുടെ വിതരണം പോസ്റ്റ് ഓഫീസുകളിൽനിന്ന് അടർത്തി മാറ്റുന്നതോടെ നഷ്ടക്കണക്കുപറഞ്ഞ് അടച്ചുപൂട്ടുകയാണ് ലക്ഷ്യം. കുറഞ്ഞ ചെലവിൽ ഓർഡിനറി പാർസലുകൾ അയക്കുന്ന യുആർപി സംവിധാനം നിർത്തലാക്കിയിരുന്നു. അച്ചടി പുസ്തകങ്ങൾ അയക്കുന്നതിന് നൽകിയ സൗജന്യ നിരക്കും ഒഴിവാക്കി.