കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്: രജിസ്റ്റർ ചെയ്യാൻ ഇനി മൂന്നുനാൾ, പോർട്ടൽ തുറന്നില്ല

വടക്കഞ്ചേരി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ ജൂൺ 30-തിനകം രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ അറിയിപ്പെങ്കിലും ഇപ്പോഴും ഓൺലൈൻ പോർട്ടൽ തുറന്നിട്ടില്ല. ഈവർഷത്തെ ആദ്യ സീസണായ ഖാരിഫ് രജിസ്ട്രേഷനാണ് ജൂൺ 30-നുള്ളിൽ ചെയ്യേണ്ടത്. മൂന്നുദിവസംമാത്രം ശേഷിക്കേ, എന്ന് പോർട്ടൽ തുറക്കുമെന്നതിൽ വ്യക്തതയില്ല. ഇത്തവണത്തെ രജിസ്ട്രേഷൻ മുടങ്ങുമോ എന്നും ആശങ്കയുയർന്നിട്ടുണ്ട്. അതേസമയം, രജിസ്ട്രേഷനുള്ള സമയം നീട്ടിനൽകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സാങ്കേതിക പ്രശ്നങ്ങളാലാണ് രജിസ്ട്രേഷൻ തുടങ്ങാൻ വൈകുന്നതെന്നും പ്രശ്നം പരിഹരിച്ച് ഉടൻ പോർട്ടൽ തുറക്കുമെന്നും പദ്ധതി നടപ്പാക്കുന്ന അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി അധികൃതർ അറിയിച്ചു. ഖാരിഫ് സീസണിൽ സംസ്ഥാനത്ത് ശരാശരി 80,000 കർഷകരാണ് രജിസ്റ്റർചെയ്യാറുള്ളത്. 2023-ലെ രണ്ടാംസീസണായ റാബിയുടെ തുക അനുവദിക്കുന്നത് നീളുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. 2023-ലെ ആദ്യസീസണായ ഖാരിഫിലെ തുക പൂർണമായി നൽകിയിട്ടുമില്ല. അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെ.ഡി. പ്രസേനൻ എംഎൽഎ മുഖ്യമന്ത്രിക്ക് കത്തുനൽകി.