എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം

Share our post

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും.

എലിപ്പനി വരുന്നതെങ്ങനെ?

എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.

എലിപ്പനി തടയാന്‍ പ്രതിരോധം പ്രധാനം

· മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്‌ക് എന്നിവ ഉപയോഗിക്കുക.
· കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.
· മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
· ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക.
· വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
· മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുന്നത് വഴി എലിപ്പനി പ്രതിരോധം ലഭിക്കുന്നു.
· ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭ്യമാണ്.
· എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.
· യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!