ചൂരൽമലയിൽ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ്; വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്ന് എഫ്.ഐ.ആർ

Share our post

കല്‍പ്പറ്റ: മേപ്പാടി ചൂരൽമലയിൽ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകൾ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം. വില്ലേജ് ഓഫീസറെയും തഹസിൽദാരെയും പ്രതിഷേധിച്ച നാട്ടുകാർ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ സർക്കാർ കേസെടുക്കുന്നുവെന്ന് ടി.സിദ്ദീഖ് എം.എൽ.എ കുറ്റപ്പെടുത്തി.

പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു. ഇന്നലെ ചൂരൽമല, മുണ്ടക്കൈ മേഖലയിൽ ശക്തമായ മഴയെ തുടര്‍ന്ന് പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. വെള്ളം ശക്തിയായി കുത്തിയൊഴുകിയതോടെ അട്ടമല ഭാഗത്തുണ്ടായിരുന്ന തൊഴിലാളികളെയടക്കം പുറത്തേക്ക് എത്തിച്ചിരുന്നു. മഴ മുന്നറിയിപ്പ് നൽകിയില്ലെന്നും മുൻകരുതൽ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചും ദുരന്തബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!