പയ്യന്നൂര്‍ എടാട്ടുനിന്നും മാലപൊട്ടിച്ചയാൾ പിടിയില്‍

പയ്യന്നൂര്‍: എടാട്ട് പി.ഇ.എസ് വിദ്യാലയത്തിന് സമീപത്തെ ദേശീയപാതയിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറില്‍ രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍കാട് കൊട്ടോപ്പാടത്തെ പി.ജെ.സണ്ണിയേയാണ്(58) പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ഈ മാസം ഏഴിന് രാവിലെ എട്ടോടെയാണ് പുറച്ചേരിയിലെ കുഞ്ഞിരാമന്റെ ഭാര്യ എം.വി. തങ്കമണിയുടെ(69) താലിമാല മോഷ്ടാവ് വലിച്ചുപൊട്ടിച്ചശേഷം കടന്നുകളഞ്ഞത്. എടാട്ട് കോളേജ് സ്റ്റോപ്പില്‍ ബസിറങ്ങി ജോലി ചെയ്യുന്ന വനിതാ ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടയിലായിരുന്നു സംഭവം. തങ്കമണി ബഹളം വച്ച് പിറകെ ഓടിയെങ്കിലും മോഷ്ടാവ് സ്‌കൂട്ടറില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടു ലക്ഷത്തോളം വിലവരുന്ന താലിയുള്‍പ്പെടെയുള്ള മാലയാണ് അപഹരിക്കപ്പെട്ടതെന്ന തങ്കമണിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.