പഴശ്ശി ഡാമിലെ ജലനിരപ്പ്: വളപട്ടണം പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം

Share our post

ഇരിട്ടി: കർണ്ണാടക വനമേഖലയിൽ ഉരുൾപൊട്ടലുകൾ ഉള്ളതായി സംശയിക്കുന്നതിനാലും കൂട്ടുപുഴ ഭാഗത്ത് പുഴയിലെ ജലനിരപ്പ് വർധിക്കുന്നതിനാലും പഴശ്ശി ബാരേജിലെ ഷട്ടറുകൾ ഏത് സമയവും ക്രമീകരിക്കേണ്ടി വരുന്നതിനാൽ വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പഴശ്ശി ഡാമിന്റെ 16 സ്പിൽവേ ഷട്ടറുകളിൽ 13 എണ്ണം ആണ് നിലവിൽ തുറന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 24.05 മീറ്റർ ആണ്. ഇന്നലെ ഉച്ചയോടുകൂടി പഴശ്ശി ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നു കൊണ്ടേയിരുന്നതായി അദ്ദേഹം അറിയിച്ചു. കർണ്ണാടക ഉൾവനത്തിൽ ഉരുൾപൊട്ടലുണ്ടായതായി സംശയിക്കുന്നതരത്തിൽ വാർത്തകളും ഫോൺ കോളുകളും എത്തിയിരുന്നു. പഴശ്ശി റിസർവോയറിന്റെ ഭാഗമായ ഇരിട്ടിയിലും കോളിക്കടവ് ഭാഗത്തും ജലനിരപ്പ് പൊടുന്നനെ ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ അടിയന്തിരമായി ഉയർത്തേണ്ടതായി വന്നു.

മൂന്നു മണിക്കൂർ കൊണ്ട് 1.58 മീറ്റർ വെള്ളമാണ് റിസർവോയറിൽ ഉയർന്നിരുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് നേരത്തെ ഉയർത്തിവെച്ച ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുവാൻ നിർബന്ധിതമാവുകയായിരുന്നു. ആയതിനാൽ ഡാമിന്റെ താഴെഭാഗത്ത് ജലനിരപ്പ് ഉയരുകയായിരുന്നു.

തില്ലങ്കേരിയിൽ നിന്നു കൊട്ടാരം വഴി ഡാമിന്റെ താഴെ ഭാഗത്ത് പുഴയിൽ എത്തിച്ചേരുന്ന തോട്ടിലെ വെള്ളത്തിന്റെ പുഴയിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുകയും തോട്ടിലെ വെള്ളം കൊട്ടാരം പാലത്തിനു സമീപം ഉയർന്ന് സമീപത്തേക്കുള്ള റോഡിലേക്കും പറമ്പിലേക്കും കയറുകയുമായിരുന്നു. മഴക്കാല മുന്നറിയിപ്പ് എന്ന നിലയിൽ ഡാമിന്റെ ഷട്ടറുകൾ മറ്റൊരു മുന്നറിയിപ്പ് ഇല്ലാതെതന്നെ തുറന്നു ക്രമീകരിക്കുമെന്ന് കാലാവർഷക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ജലസേചന വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!