ഉറങ്ങിക്കിടന്ന മാതാവിനെ മകൻ പെട്രോളൊഴിച്ചു ചുട്ടുകൊന്നു

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വൊർക്കാടിയിൽ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി ചുട്ടുകൊന്നു. മൃതദേഹം വീട്ടിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തി. കൊലപാതകത്തിനു ശേഷം അയൽവാസിയും ബന്ധുവുമായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൊർക്കാടി, നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരയുടെ ഭാര്യ ഹിൽഡ മൊന്തേരോ (60)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ വിക്ടറിൻ്റെ ഭാര്യ ലൊളിത (30)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ മകൻ മെൽവിൻ മൊന്തേരൊയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കെകാലപാതകം പുറത്തറിഞ്ഞത്. കെട്ടിട നിർമ്മാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസം. മറ്റൊരു മകൻ അൽവിൻ മൊന്തേരോ ഗൾഫിലാണ്.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു മാതാവ് ഹിൽഡ. ഇതിനിടയിൽ മകൻ മാതാവിൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം മൃതദേഹം വീടിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നുവെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞാണ് ബന്ധുവായ ലൊളിതയെ മെൽവിൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീടിനകത്ത് കയറിയ ഉടൻ ലൊളിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം മെൽവിൻ വീട്ടിൽ കടന്നുകളയുകയായിരുന്നുവെന്നു പറയുന്നു. ലൊളിതയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടയിൽ മെൽവിൻ മൊന്തേരോ സ്ഥലം വിട്ടിരുന്നു. ഇയാൾ ബസിൽ കയറി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിലാണ് മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.