ഇരിട്ടി പട്ടണത്തിൽ എത്തുന്നവർ ആരും വിശന്നിരിക്കേണ്ട; ‘വിശപ്പുരഹിത ഇരിട്ടി നഗരം, അന്നം അഭിമാനം’

ഇരിട്ടി: ഇരിട്ടി പൊലീസും ജെസിഐ ഇരിട്ടിയും ചേർന്നു ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത ഇരിട്ടി നഗരം ‘അന്നം അഭിമാനം’ പദ്ധതി വിജയകരമായി 2 വർഷം പൂർത്തിയാക്കുന്നു. മാതൃക പദ്ധതി വഴി ഇതിനകം ‘ഊട്ടിയത് ഇരപതിനായിരത്തിലധികം വയറുകൾ’.നഗരത്തിൽ ഒരാൾ പോലും കൈവശം പണം ഇല്ലാത്തതിന്റെ പേരിൽ ഭക്ഷണം ലഭിക്കാതെ വിശന്നിരിക്കാൻ പാടില്ലെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി 2023 ജൂൺ 26 ന് അന്നത്തെ കണ്ണൂർ റൂറൽ എസ്പി ഹേമലതയാണ് ഉദ്ഘാടനം ചെയ്തത്.
അന്നു ഇരിട്ടി ഡിവൈഎസ്പിയായിരുന്ന സജേഷ് വാഴാളപ്പിൽ മുന്നോട്ടു വച്ച ആശയം ഇരിട്ടി ജെസിഐയും പൗരാവലിയും ചേർന്നാണു യാഥാർഥ്യമാക്കിയത്. ഇരിട്ടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തു പൊലീസിന്റെ അധീനതയിൽ ഉണ്ടായിരുന്ന 1.5 സെന്റ് സ്ഥലത്ത് 2.5 ലക്ഷം രൂപ മുടക്കി ജെസിഐ നേതൃത്വത്തിൽ ഭക്ഷണം ശേഖരണ കേന്ദ്രം നിർമിച്ചു. 15 – 20 പേർ എല്ലാ ദിവസവും ഈ പദ്ധതി വഴി വിശപ്പ് ശമിപ്പിക്കുന്നുണ്ട്.ഏത് സമയവും ഇവിടെ നിന്നും ഭക്ഷണം ലഭ്യമാവും.മേഖലയിൽ ഉള്ളവർ പിറന്നാൾ, കല്യാണം, മറ്റു ആഘോഷ ദിവസങ്ങൾ, മരിച്ചവരുടെ ഓർമ ദിനം എന്നീ അവസരങ്ങളിൽ മുൻകൂട്ടി അറിയിച്ചു ഇവിടെ ഭക്ഷണം എത്തിക്കുന്നുണ്ട്. വിവിധ സംഘടനകൾ ഭക്ഷണം സ്പോൺസർ ചെയ്യുന്നുണ്ട്. ഉദ്ഘാടനം ചെയ്ത ശേഷം ഒരു ദിവസം പോലും ഭക്ഷണം മുടങ്ങിയിട്ടില്ലെന്നു ഭാരവാഹികൾ അറിയിച്ചു.
നിർവഹണം ജനകീയ കമ്മിറ്റി
പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും ഉൾപ്പെടുന്ന കമ്മിറ്റിയാണ് അന്നം അഭിമാനം പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ഭാരവാഹികൾ: ഡിവൈഎസ്പി പി.കെ.ധനജ്ഞയബാബു (ചെയ.), ഇരിട്ടി എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ (വൈ.ചെയ.), ഒ.വിജേഷ് (കൺ.), പി.അശോകൻ (ജോ.കൺ.), എൻ.കെ.സജിൻ (ട്രഷ.), പി.പ്രഭാകരൻ, കെ.സുരേഷ് ബാബു, ബിജു ജോസഫ്, ഡോ. ജി.ശിവരാമകൃഷ്ണൻ, സന്തോഷ് കോയിറ്റി, ഉൻമേഷ് പായം, സുരേഷ് മിലൻ, ഷാജി തോമസ്, ടി.ഡി.ജോസ്, സ്റ്റീഫൻ മാത്യു (നിർവഹണ സമിതി അംഗങ്ങൾ).
ഒരു മാസത്തെ ഭക്ഷണം നൽകി കെ.എം.മണികണ്ഠൻ
അന്നം അഭിമാനം പദ്ധതിയിലേക്കു ലാൽ ലക്ഷ്മി ലോട്ടറി ഏജൻസി ഉടമ കെ.എം.മണികണ്ഠൻ ഒരു മാസത്തേക്ക് ഏർപ്പെടുത്തുന്ന ഭക്ഷണ വിതരണം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പൊലീസ് എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ, എസ്ഐ കെ.ഷറഫുദ്ദീൻ, ഉളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി തോമസ്, ഇബ്രാഹിം മുണ്ടേരി, പി.കെ.മുസ്തഫ, ഒ.വിജേഷ്, ഡോ. ജി.ശിവരാമകൃഷ്ണൻ, കെ.സുരേഷ് ബാബു, പി.അശോകൻ, കെ.കെ.മാത്യു, സിനോജ് മാക്്സ്, ഷാജി ജോസ്, പി.കെ.ജോസ്, നിജിത്ത് നെട്ടൂരാൻ എന്നിവർ പ്രസംഗിച്ചു.