കോളജ് പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നിർബന്ധം

ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കോളജ് പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്ന് സത്യവാങ്മൂലം എഴുതി വാങ്ങാൻ തീരുമാനം. വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ഒപ്പ് രേഖപ്പെടുത്തിയ സത്യവാങ്മൂലം കോളജില്‍ സൂക്ഷിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. സീനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങി രക്ഷിതാക്കളുടെയും ഒപ്പ് രേഖപ്പെടുത്തും. എക്സൈസ് വകുപ്പ് സഹായത്തോടെ എല്ലാ കാമ്പസിലും വിമുക്തി ക്ലബ് സ്ഥാപിക്കും. ശ്രദ്ധ, നേര്‍ക്കൂട്ടം എന്നീ പരിപാടികള്‍ സര്‍വകലാശാലകള്‍, പ്രഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കോളജുകളിലും ആരംഭിക്കും. ഹോസ്റ്റലുകളില്‍ വാര്ഡന് ചെയര്‍പേഴ്സനായി ലഹരിവിരുദ്ധ ക്ലബുകള്‍ രൂപവത്കരിക്കും. ബോധപൂര്‍ണിമ സംസ്ഥാനതല കര്‍മ പദ്ധതിക്ക് കീഴില്‍ നാളെ ലഹരിവിരുദ്ധ ദിനത്തിന്റെ ആചരണവും കലാലയങ്ങളില്‍ വിവിധ കര്‍മപരിപാടികളും ഒരുക്കും.