സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമം: പത്ത് ആർ.എസ്.എസ്സുകാർക്ക് 21 വർഷം തടവ്

തലശേരി: സി.പി.എം കോടിയേരി പുന്നോൽ ബ്രാഞ്ച് സെക്രട്ടറി എ പ്രകാശനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് പത്ത് ആർ.എസ്.എസ്–-ബി.ജെ.പി പ്രവർത്തകരെ വിവിധ വകുപ്പുകൾ പ്രകാരം 21 വർഷവും ഏഴുമാസവും തടവിനും 6,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. രാഷ്ട്രീയവിരോധം കാരണം ഒന്നുമുതൽ പത്തുവരെ പ്രതികൾ വാൾ, ഇരുമ്പുകമ്പി എന്നിവ ഉപയോഗിച്ച് പ്രകാശന്റെ കഴുത്തിനും കാലിനും വെട്ടിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പുന്നോലിലെ കോറോത്ത് താഴെ ഹൗസിൽ കെ ടി ദിനേഷ് എന്ന പൊച്ചറ ദിനേശൻ (51), പുന്നോൽ നികുഞ്ചത്തിൽ വി വി പ്രവീൺകുമാർ എന്ന പ്രവീൺ (59), കൊമ്മൽവയൽ ശ്രീ ശങ്കരാലയത്തിൽ കെ രൂപേഷ് (39), പുന്നോൽ ബംഗ്ലയിൽ ഹൗസിൽ ഗിരിജേഷ് (44), വയലളം ടെമ്പിൾഗേറ്റിലെ കടുമ്പേരി ഹൗസിൽ കെ സി പ്രഷീജ് (48), ടെമ്പിൾഗേറ്റ് പുറക്കണ്ടി ഹൗസിൽ പി ഷിജേഷ് എന്ന ഷിജു (42), പുന്നോൽ കൽപാറ പയ്യനാടൻ ഹൗസിൽ കെ പി കനേഷ് (39), പുന്നോൽ ശ്രീനാരായണ മഠത്തിന് സമീപം കൽപാറ പയ്യനാടൻ നികേഷ്(34), വയലളം ടെമ്പിൾഗേറ്റിൽ രാജശ്രീഭവനിൽ സി പി രാധാകൃഷ്ണൻ എന്ന കല്ലുണ്ണി രാധാകൃഷ്ണൻ (52), പുന്നോൽ വട്ടക്കണ്ടി ഹൗസിൽ വി സുധീഷ് എന്ന സുധി (37) എന്നിവരെയാണ് തലശേരി അഡീഷണൽ അസി. സെഷൻസ് കോടതി ജഡ്ജി എം ശ്രുതി ശിക്ഷിച്ചത്. സിപിഐ എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ ഹരിദാസനെ വെട്ടിക്കൊന്ന കേസിലെ പ്രതികളാണ് ശിക്ഷിക്കപ്പെട്ട പൊച്ചറ ദിനേശനും പ്രഷീജും. സിപിഐ എം ഓഫീസ് പൂട്ടി നഗരസഭാ കൗൺസിലർ രാമദാസിനൊപ്പം വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ 2009 ഫെബ്രുവരി 15ന് രാത്രി എട്ടിന് പുന്നോൽ റേഷൻപീടികയ്ക്ക് സമീപംവച്ചായിരുന്നു ആക്രമണം. തലശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ എം പി വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പത്തുപേരുടെയും പങ്കാളിത്തം കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചു. പിഴയടച്ചാൽ തുക പരിക്കേറ്റ പ്രകാശന് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി പ്രകാശൻ ഹാജരായി. ഹരിദാസൻ വധക്കേസിലെ ഒന്നാംപ്രതിയും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിന്റെ സഹോദരനാണ് ശിക്ഷിക്കപ്പെട്ട കെ രൂപേഷ്.