പൊലീസ് മൈതാനിക്ക് ഇനി സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢി

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ് ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ് മൈതാനത്തെ ട്രാക്കിന് പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക് സാക്ഷിയായ പൊലീസ് മൈതാനം സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട് കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ് പൊലീസ് മൈതാനിയിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്. നാനൂറുമീറ്ററിൽ എട്ട് ലൈനിലാണ് സിന്തറ്റിക് ട്രാക്ക്. അത്‌ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക് മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ് നിർമിച്ചത്. മഴവെള്ളം വാർന്നുപോകുന്നതിന് ശാസ്‌ത്രീയ ഡ്രെയിനേജ് സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത് പൊലീസ് സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ഹെലിപാഡുണ്ട്. ട്രാക്കിന് നടുവിലാണ് ബർമുഡ ഗ്രാസ് വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്. മുഴുവനായും ഫ്ലഡ്‌ലിറ്റ് സൗകര്യത്തിലാണ് ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാക്കിനുപുറത്ത് പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക് ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ പൊലീസ് മൈതാനത്ത് ഒരുക്കിയ ടർഫിന് സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് നിർമാണം പൂർത്തീകരിച്ചത്.
ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകൾ പൊലീസ് മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിന്തറ്റിക് ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്കുകളുള്ളത്. അത്‌ലറ്റുകളുടെ കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ് മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ് മൈതാനമായിരുന്നു.