കുട്ടനാടിനെ അടുത്തറിയാം, അഷ്ടമുടിയിലൂടെ സഞ്ചരിക്കാം; ബോട്ട് യാത്രയ്ക്ക് സഞ്ചാരികളുടെ വന്‍ തിരക്ക്

ആലപ്പുഴ: ഇത്തവണത്തെ അവധിക്കാലം ജലഗതാഗത വകുപ്പിനു നേട്ടമായി. ആലപ്പുഴ വേമ്പനാട്ടു കായലിലും കൊല്ലം അഷ്ടമുടിക്കായലിലും ബോട്ടുകളില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ്. സീ കുട്ടനാട്, വേഗ, സീ അഷ്ടമുടി ബോട്ടുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഓടുന്നത്. എന്നും മികച്ച ബുക്കിങ്ങാണ്. ഒരു സീറ്റു പോലും ഒഴിവില്ല. ഒരാഴ്ച മുന്‍പേ ഈയാഴ്ചത്തെ ബുക്കിങ് തീര്‍ന്നെന്ന് ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.സീ കുട്ടനാട്, വേഗ ബോട്ടുകള്‍ ആലപ്പുഴ മുതല്‍ പാതിരാമണല്‍ വരെയും തിരിച്ചുമാണ് സഞ്ചരിക്കുന്നത്. എസി, നോണ്‍ എസി വിഭാഗങ്ങളിലായി 90 സീറ്റുള്ള വേഗയ്ക്ക് (വേഗ-2) എന്നും കുറഞ്ഞത് 39,000 രൂപ വരുമാനമുണ്ട്. രാവിലെ 11 മുതല്‍ നാലുവരെയാണു സഞ്ചാരം.
എസിക്ക് 600 രൂപയും എസി ഇല്ലാതെ 400 രൂപയുമാണു നിരക്ക്. അപ്പര്‍, ലോവര്‍ ക്ലാസുകളിലായി 120 സീറ്റുള്ള സീ കുട്ടനാടിന് (സീ കുട്ടനാട് -2) 56,000 രൂപ നിത്യവരുമാനമുണ്ട്. നിരക്ക്- അപ്പര്‍ ക്ലാസിന് 500 രൂപ, ലോവര്‍ ക്ലാസിന് 400 രൂപ. രാവിലെ 11.15 മുതല്‍ വൈകുന്നേരം 4.15 വരെയാണു യാത്ര.സീ കുട്ടനാടിന്റെ അതേ മാതൃകയിലുള്ള ബോട്ടാണ് സീ അഷ്ടമുടിയുടേത്. രാവിലെ പതിനൊന്നരയ്ക്ക് കൊല്ലം ജെട്ടിയില്‍നിന്നു സാമ്പ്രാണിക്കോടിയിലേക്കു പുറപ്പെടും. 4.30-നു മടങ്ങും. ബോട്ടുകളിലെല്ലാം കുടുംബശ്രീ ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുണ്ട്.
മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, പൂര്‍വവിദ്യാര്‍ഥി സംഘങ്ങള്‍ എന്നിങ്ങനെ ഗ്രൂപ്പുകളായി വരുന്നവരുണ്ട്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കായല്‍യാത്ര നടത്തുന്നവരുമുണ്ട്. അഞ്ചുവര്‍ഷം മുന്‍പാണ് വേഗ ഓടിത്തുടങ്ങിയത്. സീ കുട്ടനാട് തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. സീ അഷ്ടമുടി തുടങ്ങിയിട്ട് രണ്ടു വര്‍ഷവും.ബുക്കിങ്ങിനുള്ള ഫോണ്‍ നമ്പറുകള്‍: 9400050326, 9400050325.