കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ 100% നിർമാണചെലവ് വഹിക്കും; അസാധാരണ തീരുമാനവുമായി ദക്ഷിണറെയിൽവേ

Share our post

കേരളത്തിലെ 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ നിര്‍മാണച്ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. മുന്‍പ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയില്‍വേ പറയുന്നു.കേരളത്തിലെ തിരക്കേറിയ 126 റെയില്‍വേ ക്രോസിങ്ങുകളില്‍ മേല്‍പ്പാലനിര്‍മാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസര്‍ക്കാരും റെയില്‍വേയും നിര്‍മാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേല്‍പ്പാലം നിര്‍മിക്കാന്‍വേണ്ട സ്ഥലം എടുത്തു നല്‍കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെ.ആര്‍.ഡി.സി.എല്‍ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല.

എന്നാല്‍, ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പ്രധാനപ്പെട്ട 55 മേല്‍പ്പാലങ്ങളുടെ മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുന്നതെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഈ മേല്‍പ്പാലങ്ങളില്‍ 18 എണ്ണത്തിന്റെ പ്രവൃത്തിയേ തുടങ്ങിയിട്ടുള്ളൂ. നിര്‍മാണം 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കി 37 എണ്ണത്തിന്റെ ഭൂമിയേറ്റെടുക്കല്‍ നടപടി ഇനിയും പൂര്‍ണമായിട്ടില്ലെന്നാണ് റെയില്‍വേ പറയുന്നത്. അനുമതി ലഭിച്ച 65 മേല്‍പ്പാലങ്ങള്‍ ഇതിനു പുറമേയുണ്ട്. ഫണ്ടിന്റെ പരിമിതിയും സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതുമാണ് ഇവയുടെ നിര്‍മാണത്തിന് തടസ്സമാകുന്നത്. സംസ്ഥാനസര്‍ക്കാരും കെ-റെയിലും മുന്‍കൈയെടുത്താലേ ഇവ യാഥാര്‍ഥ്യമാവൂ എന്ന് റെയില്‍വേ പറയുന്നു.

കേരളത്തിന് ആശ്വാസമായി റെയില്‍വേ തീരുമാനം

ചെലവ് പങ്കിടുന്നതിലെ തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചുമതല പൂര്‍ണമായും റെയില്‍വേ വഹിക്കുമെന്ന തീരുമാനം കേരളത്തിന് ആശ്വാസകരമായി. റെയില്‍വേ പൂര്‍ണമായും നിര്‍മാണച്ചെലവ് ഏറ്റെടുക്കുന്ന മേല്‍പ്പാലങ്ങില്‍ പ്രധാനപ്പെട്ടവ:

# : എറണാകുളം നോര്‍ത്ത്, ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ ചിറ്റൂര്‍ റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകള്‍ക്കിടയില്‍ ഊരകം-പുതുക്കാട് റോഡില്‍

# കാപ്പില്‍, വര്‍ക്കല സ്റ്റേഷനുകള്‍ക്കിടയില്‍ പരവൂര്‍-വര്‍ക്കല റോഡില്‍

# വള്ളത്തോള്‍ നഗര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്കിടയില്‍ വരവൂര്‍-മുള്ളൂര്‍ക്കര റോഡില്‍

# കടയ്ക്കാവൂര്‍, മുരുക്കുമ്പുഴ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍ക്കല ബൈപ്പാസിന് സമീപം

# തലശ്ശേരി, എടക്കാട് സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-ഇരിക്കൂര്‍ റോഡില്‍

# ലക്കിടി സ്റ്റേഷനടുത്ത് മങ്കര-പാലക്കാട് റോഡില്‍

# പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷുകള്‍ക്കിടയില്‍ ആനന്ദപുരം-നെല്ലായി റോഡില്‍.

സ്ഥലമേറ്റെടുക്കലും മറ്റും പൂര്‍ത്തിവാനുള്ള മേല്‍പ്പാലങ്ങള്‍

# അങ്കമാലി, ആലുവ സ്റ്റേഷനുകള്‍ക്കിടയില്‍ കാരിയാട്-എയര്‍പോര്‍ട്ട്-മാട്ടൂര്‍ റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ തലശ്ശേരി-നാദാപുരം റോഡില്‍# പൂങ്കുന്നം, തൃശ്ശൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ തിരുവമ്പാടി റോഡില്‍

# ഇരിങ്ങാലക്കുട, ചാലക്കുടി സ്റ്റേഷനുകള്‍ക്കിടയില്‍ ചാലക്കുടി റോഡില്‍

# വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ വടക്കാഞ്ചേരി-കറുമാത്ര റോഡില്‍

# തലശ്ശേരി, മാഹി സ്റ്റേഷനുകള്‍ക്കിടയില്‍ ജൂബിലി റോഡില്‍

# അങ്ങാടിപ്പുറം, വാണിയമ്പലം സ്റ്റേഷനുകള്‍ക്കിടയില്‍ മഞ്ചേരി-മേലാറ്റൂര്‍ റോഡില്‍

# തുറവൂര്‍, ചേര്‍ത്തല സ്റ്റേഷനുകള്‍ക്കിടയില്‍ തുറവൂര്‍-കുമ്പളങ്ങി റോഡില്‍

# അമ്പലപ്പുഴ ഹരിപ്പാട് സ്റ്റേഷനുകള്‍ക്കിടിയല്‍ അമ്പലപ്പുഴ-തിരുവല്ല റോഡില്‍


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!