‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.