കരുതലിന്റെ ‘മാലാഖമാർ’; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

Share our post

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് അവിടത്തെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗീപരിചരണത്തിനിടെ നിപ ബാധിച്ച് മരിച്ച ലിനി ഒരേ സമയം കേരളത്തിന്റെ അഭിമാനവും വേദനയുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് കരുതലോടെയും കാരുണ്യത്തോടെയും പ്രവർത്തിച്ചവരാണ് നമ്മുടെ നഴ്‌സുമാർ. വിദേശ രാജ്യങ്ങളിലും മലയാളി നഴ്‌സുമാർ അവരുടെ പ്രൊഫഷണലിസവും മനുഷ്യത്വ സമീപനവും കൊണ്ട് ശ്രദ്ധേയരാണ്. പല വികസിത രാജ്യങ്ങളിലെയും ആരോഗ്യമേഖലയുടെ വളർച്ചയിൽ കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തിന് വലിയ പങ്കുണ്ട്. എങ്കിലും, കേരളത്തിലെ നഴ്‌സിംഗ് സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വർധിച്ച ജോലിഭാരം, കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ അവരെ അലട്ടുന്നു. ഈ സാഹചര്യങ്ങളിൽ മാറ്റം വരുത്തേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!