ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

Share our post

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!