കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.
പോളണ്ട്
കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.
ജര്‍മനി
ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.
ഫ്രാന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)
മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.
ഫിലിപ്പീന്‍സ്
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.