വ്യവസായ സാധ്യതകള്‍ തുറന്ന് ‘എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍ ശ്രദ്ധേയമായി

Share our post

സംരംഭകത്വ മേഖലയിലേക്ക് യുവതലമുറയെ ആകര്‍ഷിച്ച് ‘എന്റെ കേരളം-സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ സെമിനാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഒന്നാം ദിവസം നടന്ന സെമിനാര്‍ വ്യവസായ മേഖലയുടെ സാധ്യതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുവെച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേഖല ഏതായാലും അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സി അജിമോന്‍ അധ്യക്ഷനായി.

മൂന്നു സെഷനുകളിലായി നടന്ന സെമിനാറില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജി. അരുണ്‍ വിഷയാവതരണം നടത്തി. സംരംഭത്തിനായി കെഎസ്യുഎം നല്‍കുന്ന വിവിധ ഫണ്ടിങ് സ്‌കീമുകളെക്കുറിച്ചുള്ള വിവരങ്ങളും സംശയ ദൂരീകരണങ്ങളും സെമിനാറില്‍ നടന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ സോഫ്റ്റ് ഫ്രൂട്ട് സൊല്യൂഷന്‍സ്, പ്ലേ സ്പോട്സ്, പിക്സല്‍ ആന്‍ഡ് പെപ്പര്‍ എന്നീ കമ്പനികള്‍ വളര്‍ത്തിയെടുത്ത അംജാദ് അലി, തന്റെ സംരംഭത്തിന്റെ വിജയഗാഥയെക്കുറിച്ച് പരിപാടിയില്‍ സംസാരിച്ചു.

വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും എന്ന വിഷയത്തില്‍ തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. സുനില്‍ സെമിനാര്‍ അവതരിപ്പിച്ചു. പി എം ഇ ജി പി, ഇ എസ് എസ്, ഒ എഫ് ഒ ഇ, പി എം എഫ് എം ഇ, മിഷന്‍ 1000, കേരള ബ്രാന്‍ഡ്, കെ സ്വിഫ്റ്റ് എന്നീ സ്‌കീമുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇത്തരം പദ്ധതികള്‍ കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ഉയരത്തിലേക്ക് നയിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി. 170 ലധികം സംരംഭകര്‍ സെമിനാറിന്റെ ഭാഗമായി. പരിപാടിയില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എം സുര്‍ജിത് സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!