മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോൻസൺ മാവുങ്കലിന് ഇടക്കാല ജാമ്യം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോക്‌സോ കേസിലും പ്രതിയായ മോൻസണിന് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2021 സെപ്റ്റംബർ 25 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആൾജാമ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ് മോൻസണിനെതിരെ പോക്‌സോ കേസ് നിലവിലുള്ളത്. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും വിയ്യൂർ ജയിലിൽ 14ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.