കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.