അതിർത്തിയിൽ വെടിവെപ്പ് തുടരുന്നു, പൂഞ്ചിൽ പാക് ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

Share our post

ദില്ലി: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കശ്മീർ അതിർത്തിയിലെ ഏഴിടങ്ങളിൽ ഇന്ത്യ-പാക് സേനകൾ തമ്മിൽ കനത്ത വെടിവയ്പ്പ്. അതിർത്തി ജില്ലയായ പൂഞ്ചിൽ പാക്ക് ഷെല്ലിങ്ങിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ മൂന്ന് പാക് സൈനികരെ വധിച്ചു. പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക്ക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പൂഞ്ച് ജില്ലയിലാണ് ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തത്.

ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു കശ്മീരിൽ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സൽമേറിലും അമൃതസറിലും സ്കൂളുകളും കോളേജുകളും അടച്ചു. ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി അറിയിച്ചു.

വിനോദസഞ്ചാരികളായ 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി. ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങളാണ് തകർന്നത്. പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!