നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പും ഷെല്ലാക്രമണവും; മൂന്ന് പേർ കൊല്ലപ്പെട്ടു

ശ്രീനഗർ : ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു. നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിവയ്പും ഷെല്ലാക്രമണവും നടത്തിയതായി വിവരം. ആക്രമണത്തിൽ മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടു. അതേസമയം ആറുപേർ കൊല്ലപ്പെട്ടതായും മുപ്പതിലധികം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പാക് പോസ്റ്റുകളിൽ നിന്നാണ് വെടിയുതിർത്തത്. പാക് ഭാഗത്ത് നിന്നും ഷെല്ലാക്രമണം ശക്തമായതോടെ ഇന്ത്യൻ സൈന്യവും പ്രതികരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക് അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തതിന് പിന്നാലെയാണ് അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവയ്പ്. ഒമ്പത് കേന്ദ്രം ആക്രമിച്ചതായി കേന്ദ്ര പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആക്രമണത്തിലൂടെ ഇന്ത്യ 12 ഭീകരരെ വധിച്ചു. ഇന്ത്യയുടെ കര–വ്യോമ സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. അതിർത്തിയോട് ചേർന്നുള്ള ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യൻ വ്യോമസേന ഏറ്റെടുത്തതായും അറിയിച്ചു.