ഭൂമിയുണ്ട്; അതിനാൽ വീടുമുണ്ട്

ശ്രീകണ്ഠപുരം: സ്‌നേഹത്തിൻ തുടിപ്പായി ഓരോ ചെങ്കല്ലും അടുക്കിവച്ച് മലപ്പട്ടത്ത് ലൈഫ് ഭവന പദ്ധതിയിൽ പുത്തൻ അധ്യായം എഴുതി. മലപ്പട്ടം പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുള്ളതും എന്നാൽ, വീടില്ലാത്തതുമായ എല്ലാവർക്കും ലൈ ഫിലൂടെ വീട് സമ്മാനിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന്റെ പ്രഖ്യാപനം ഉത്സവാന്തരീക്ഷത്തിൽ പഞ്ചായത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി പ്രഖ്യാപനം നടത്തി. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികമാകുമ്പോൾ തുടരുന്ന വികസനക്കഥകൾ ഓരോ വീട്ടിലും നിറയുകയാണ്. അടിച്ചേരിയിലെ സെറീനക്കും പടപ്പക്കരിയിലെ ലക്ഷ്മിക്കും ചന്ദ്രികക്കും വീടായി വന്ന വികസനക്കഥകൾ അനവധിയുണ്ട് പറയാൻ. കുപ്പത്തെ സി പി സരോജിനി, കെ അനിത, പി പ്രീത എന്നിവരുൾപ്പടെ 50 പേർക്കാണ് ലൈഫിലൂടെ പുതിയ വീട് ഉടൻ ലഭ്യമാകുന്നത്. സ്വന്തമായി നാഴി മണ്ണുള്ളതിൽ സ്വപ്‌നവും പണിയുകയാണ് ഇനിയവർ. പടപ്പക്കരിയിലെ അറുപത്തിയേഴുകാരിയായ എൻ കെ ലക്ഷ്മിയേടത്തി, ഭർത്താവ് മരിച്ചശേഷം ഒറ്റയ്‌ക്കാണ് താമസം. കൂലിപ്പണി ചെയ്‌തും തൊഴിലുറപ്പ് ജോലി ചെയ്‌തുമാണ് പുലരുന്നത്. കഴിഞ്ഞ തവണ തൊഴിലുറപ്പിൽ 100 തൊഴിൽ ദിനം പൂർത്തിയാക്കി. വിധവാ പെൻഷനും കൈപ്പറ്റുന്നുണ്ട്; ഇപ്പോഴിതാ സന്തോഷം മേഞ്ഞ ലൈഫ് വീടും. മുമ്പ് ആസ്‌ബറ്റോസ് മേഞ്ഞ ഷെഡ്ഡിലാണ് താമസിച്ചിരുന്നത്. കാറ്റിലും പേമാരിയിലും ഏതുനിമിഷവും തകർന്നുവീഴാറായ ഷെഡ്ഡിൽ ഭയത്തോടെയാണ് അന്തിയുറങ്ങിയിരുന്നത്. ആ ഭയമാണ് എൽഡിഎഫ് സർക്കാർ ഇല്ലാതാക്കിയത്. ആധിപിടിച്ച ജീവിതം മാറി; അടച്ചുറപ്പുള്ള വീട്ടിൽ ഇനി അന്തിയുറങ്ങാനാകുമെന്ന ആശ്വാസം അവർക്കുണ്ടാക്കിയ മാറ്റം ചെറുതല്ല. തുടരട്ടെ ചെറു ചെറു സന്തോഷങ്ങൾ. സമ്പൂർണ പ്രഖ്യാപനം വന്നതോടെ മലപ്പട്ടം പഞ്ചായത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 50 പേർക്കാണ് വീട് ലഭ്യമായത്. 2.60 കോടി രൂപയാണ് ലൈഫ് ഭവന പദ്ധതിക്കായി ചെലവഴിച്ചത്. ഇതിൽ പഞ്ചായത്ത് വിഹിതമായി 1.16 കോടി രൂപ ഉപയോഗിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വിഹിതം, സംസ്ഥാന സർക്കാർ വിഹിതം, പട്ടികജാതി ഫണ്ട് എന്നിവയും ഉപയോഗിച്ചു. മലപ്പട്ടത്തുമാത്രമല്ല; ജില്ലയിലാകെ എല്ലാ പഞ്ചായത്തിലും ലക്ഷ്മിയേടത്തിമാരുടെ ജീവിതത്തിലേക്ക് പുതിയ വീടുകൾ സന്തോഷം പരത്തുകയാണ്. ജില്ലയിൽ പൂർത്തിയായത് 21,180 വീടുകൾ കണ്ണൂർ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ ജില്ലയിൽ ഇതുവരെ 23,932 വീടുകളാണ് അനുവദിച്ചത്. 21,180 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ പാതിവഴിയിൽ നിലച്ചുപോയ 2675 വീടുകളുടെ പൂർത്തീകരണമാണ് തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുത്തത്. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 2557 വീടുകളുടെ നിർമാണവും മൂന്നാംഘട്ടത്തിൽ ഭൂരഹിത–-ഭവനരഹിതരായ 767 പേരുടെ വീട് നിർമാണവും ഏറ്റെടുത്തു. മലപ്പട്ടത്ത് സമ്പൂർണ ലൈഫ് പ്രഖ്യാപനം മലപ്പട്ടം പഞ്ചായത്തിൽ ഭൂ ഉടമകളായ ഭവനരഹിതർക്കുള്ള സമ്പൂർണ ലൈഫ് ഭവന പദ്ധതിയുടെ പ്രഖ്യാപനം പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി രമണി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി അജ്നാസ്, എം ഷൈനി, എം സന്തോഷ്, കെ വി മിനി, കെ സജിത, എ പുരുഷോത്തമൻ, പി പി ലക്ഷ്മണൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു.