തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.