‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം
കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.
കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.
മാമ്പഴ പ്രദർശനവും മാമ്പഴ വിഭവങ്ങളും
140 ഓളം മാമ്പഴ ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. പച്ചമാങ്ങ പാൽപ്പായസവും പഴുത്ത മാങ്ങാ പ്രഥമനും അടക്കം വിഭവ സമൃദ്ധമായ മാമ്പഴ സദ്യത്തന്നെ സംഘാടകർ ഒരുക്കി. അറിഞ്ഞും കേട്ടുമെത്തിയവരിൽ കുട്ടികളും യുവതയും പ്രായമായവരുമെല്ലാം ഉൾപ്പെടുന്നു. എന്നോ നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ഗൃഹാതുരത്വം ഓർത്തെടുത്തവരും നിരവധിയാണ്.
പേരില്ലാത്ത നാടൻ മാമ്പഴങ്ങളായിരുന്നു കൂടുതലും. മധുരത്തിൽ വീട്ടുവീഴ്ച തെല്ലുമില്ലാത്ത അവയോടായിരുന്നു കാണികൾക്ക് കൂടുതൽ പ്രിയവും. ഇവ കൂടാതെ കുറ്റ്യാട്ടൂർ മാങ്ങ, ഗോമാങ്ങ, പണ്ടാരക്കണ്ടി, നീലപ്പറങ്കി, മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൺസ, ഗോവയിൽ നിന്നുള്ള മൻ കുറാത് തുടങ്ങി നിരവധി മാമ്പഴങ്ങൾ രുചിച്ചറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.
മാഞ്ചിഫെറ ഇൻഡിക്ക
മാവിന്റെ ശാസ്ത്രീയ നാമമായ മാഞ്ചിഫെറ ഇൻഡിക്കയിൽ നിന്നാണ് പരിപാടിക്ക് ’മാഞ്ചിഫെറ 2025’ എന്ന പേര് നൽകിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. പത്താം വർഷത്തിലേക്ക് കടക്കുന്ന കൂട്ടായ്മ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടു മാവിനങ്ങളുടെ സംരക്ഷണ പ്രവൃത്തിക്കാണ് പദ്ധതിയിടുന്നത്. നാട്ടുമാവിനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തോട്ടം തയ്യാറാക്കുന്നുണ്ടെന്നും കോ-ഓർഡിനേറ്റർ ഷൈജു മാച്ചാത്തി പറഞ്ഞു.
കർഷകരും ഗവേഷകരും മാമ്പഴസ്നേഹികളും
നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും നാട്ടുമാമ്പഴസ്നേഹികളെയും കാർഷികഗവേഷകരെയും വിദ്യാർഥികളെയും എല്ലാം ഉൾപ്പെടുത്തിയാണ് മാഞ്ചിഫെറ 2025 സംഘടിപ്പിച്ചത്. കർണ്ണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ നാട്ടുമാവുകളെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരും പരിപാടിയുടെ ഭാഗമായി.
ഓരോ മാമ്പഴത്തിന്റെയും രുചിയിൽ പഴയകാല ഓർമ്മകൾ ചികഞ്ഞവരും ആദ്യമായി രുചിച്ചറിഞ്ഞ മാധുര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവരും വരും കാലത്തേക്ക് ഈ രുചി സംരക്ഷിക്കണ്ടതിനെ കുറിച്ച് ചിന്തിയിലാഴ്ന്നവരുമെല്ലാം കവിളും ചുണ്ടും നിറയ്ക്കുന്ന മധുരക്കഥ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞുക്കൊണ്ടേയിരുന്നു.
