കേരളത്തില്‍ ലൈസന്‍സ് പരീക്ഷ കടുപ്പം; ഒരു ഫോട്ടോയും രണ്ട് ഒ.ടി.പിയും ആയാല്‍ കര്‍ണാടക ലൈസന്‍സ് റെഡി

റോഡ് നിയമങ്ങള്‍ പഠിച്ചെഴുതേണ്ട. എച്ചും എട്ടും എടുക്കേണ്ട. രണ്ട് ‘ഒടിപി’യില്‍ കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് റെഡി. കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ എടുക്കുന്നുവെന്നത് പുതിയ കാര്യമല്ല. എന്നാല്‍ അടുത്തകാലത്ത് ഇത് വന്‍തോതില്‍ കൂടുന്നുവെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്.കര്‍ണാടകയില്‍ താത്കാലിക വിലാസം നല്‍കി സമ്പാദിക്കുന്ന ലൈസന്‍സ് കേരളത്തിലെ ഒറിജിനല്‍ വിലാസത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓരോ ദിവസവും ഗണ്യമായി കൂടുകയാണ്. ലൈസന്‍സെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകേണ്ട, ഇടനിലക്കാര്‍ ഇഷ്ടംപോലെയുണ്ട്. പേരും ഫോട്ടോയും ഒപ്പിട്ട അപേക്ഷയും നല്‍കണം. 15 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് പറഞ്ഞുകൊടുക്കുന്നതോടെ ലേണിങ് പാസായതായി വിവരം വരും. കൃത്യം 30 ദിവസത്തിനുശേഷം മറ്റൊരു ഒടിപി കൂടി കിട്ടും. ഇതു കൈമാറി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സും കിട്ടും.
16,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇരുചക്രവാഹനത്തിനും നാലുചക്ര വാഹനത്തിനുമൊക്കെ ഈടാക്കുന്നത്. ഇതില്‍ സര്‍ക്കാരിലേക്കടയ്‌ക്കേണ്ടത് 1350 രൂപ മാത്രമാണ്. കാല്‍ലക്ഷം രൂപ നല്‍കിയാല്‍ ഹെവി ലൈസന്‍സ് വരെ നല്‍കുന്നുണ്ടെന്ന പരാതിയും ലഭിക്കുന്നുവെന്ന് ഇവിടത്തെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.പുത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതലും കിട്ടുന്നതെന്ന പരാതിയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍, കേരള സര്‍ക്കാര്‍ ഇടപെടുകയും കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ കാര്യക്ഷമത കാട്ടുകയും ചെയ്തിരുന്നു. അതിനുശേഷം അവിടെനിന്ന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷകന്‍ പോയി വാഹനം ഓടിച്ചുകാണിക്കണം.
2017-ല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സ് ഒറ്റ പ്ലാറ്റ്‌ഫോമിലേക്കു മാറ്റിയതോടെ ഈ കാര്യക്ഷമത കുറഞ്ഞുവന്നു. അടുത്തകാലത്തായി കേരളത്തില്‍ ഡ്രൈവിങ് പരീക്ഷ കര്‍ക്കശമാക്കി. 60 ശതമാനത്തില്‍ കൂടുതല്‍പ്പേര്‍ ജയിക്കുന്നില്ല. ഒന്നും രണ്ടും തവണ തോല്ക്കുന്നതോടെ അപേക്ഷകര്‍ പതിയെ കര്‍ണാടകയിലേക്ക് പോകുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസത്തിനിടെയാണ് ഇത്തരം അപേക്ഷകരുടെ ഒഴുക്ക് അനിയന്ത്രിതമായത്.ലൈസന്‍സ് അപേക്ഷയില്‍ അവിടത്തെ ലോഡ്ജ് മുറിയുടെയോ മറ്റോ കെട്ടിട നമ്പറിലാണ് വിലാസമാക്കുന്നത്. ലൈസന്‍സ് കിട്ടിയ ഉടന്‍ ഇവിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കും. അപേക്ഷകള്‍ കുമിയുന്ന സാഹചര്യത്തില്‍ വാഹനം ഓടിച്ചുകാണിക്കണമെന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. വാഹനമോടിക്കാന്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞുപോകുന്നവരെ പിന്നെ ആ വഴിക്ക് കാണുന്നില്ലെന്നും പറയുന്നു.