ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.
കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.