പാപ്പിനിശ്ശേരി, അഴീക്കോട് മൂന്നുനിരത്ത് ദിനേശ് ബീഡി ശാഖ അടച്ചുപൂട്ടി

പാപ്പിനിശ്ശേരി: അഴീക്കോട് ദിനേശ് ബീഡി വ്യവസായ സഹകരണ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിച്ചു വന്ന പാപ്പിനിശ്ശേരിയിലും അഴീക്കോട് മൂന്നു നിരത്തിലെയും രണ്ടു ശാഖകളും അടച്ചുപൂട്ടി. 1985 മേയ് ഒന്നിന് 130 ഓളം തൊഴിലാളികളുമായാണ് സ്വന്തം കെട്ടിടത്തിൽ പാപ്പിനിശ്ശേരിയിൽ ദിനേശ് ബീഡി സംഘം ശാഖ പ്രവർത്തനം ആരംഭിച്ചത്.അന്നത്തെ എം.എൽ.എ ആയിരുന്ന ഇ.പി. ജയരാജനാണ് പാപ്പിനിശ്ശേരി സംഘം ശാഖ ഉദ്ഘാടനം ചെയ്തത്. 1975 ജനുവരി മുന്നിന് കരിക്കൻകുളത്ത് 150 ഓളം തൊഴിലാളികളുമായി വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച സംഘം ശാഖ അടച്ചു പൂട്ടിയിട്ട് പത്തുവർഷത്തോളമായി. പാപ്പിനിശ്ശേരി ശാഖയും മൂന്നുനിരത്തിലെ ശാഖയും ചിറക്കൽ ബ്രാഞ്ചിലേക്ക് ലയിപ്പിച്ചു.അഴീക്കോട് അടക്കമുള്ള പ്രൈമറി സംഘവും കണ്ണൂർ സംഘവും ലയിപ്പിച്ച് ഒറ്റ സംഘമായി പ്രവർത്തിക്കാനുള്ള തീരുമാനത്തിലാണ് സംഘം ഭാരവാഹികൾ. ഇതോടെ പാപ്പിനിശ്ശേരിയിൽ ജോലിചെയ്തു വരുന്ന 21 തൊഴിലാളികളും മൂന്നു നിരത്തിലെ 16 തൊഴിലാളികളും ഇനി ചിറക്കൽ ബ്രാഞ്ചിലാണ് തൊഴിൽ ചെയ്യേണ്ടത്. പാപ്പിനിശ്ശേരിയിൽ നിന്നും ചിറക്കലിലേക്ക് പോകാൻ ദിനംപ്രതി 25 രൂപയോളം ബസ് ചാർജ് കൊടുക്കേണ്ടി വരുന്നതിൽ തൊഴിലാളികൾ നിരാശ പ്രകടിപ്പിച്ചു.പാപ്പിനിശ്ശേരിയിൽ ജോലിചെയ്തുവരുന്ന തൊഴിലാളികൾക്ക് ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ, കാസർകോട് ജില്ലയിൽ ദിനേശ് ബീഡി വ്യവസായത്തിൽ 42000 ത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. അതിൽ രണ്ടായിരത്തിൽ താഴെ തൊഴിലാളികൾ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്.യാത്രയയപ്പിന്റെ ഭാഗമായി ആദ്യകാല ബീഡി തൊഴിലാളിയായ കോട്ടൂർ ഉത്തമനെ പൊന്നാടയണിയിച്ച് ആദരിച്ചു. അഴീക്കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘത്തിന്റെ കീഴിലുള്ള പാപ്പിനിശ്ശേരി വർക്ക് ഷെഡിലെ തൊഴിലാളികൾ ചിറക്കൽ ദിനേശ് ബീഡി ബ്രാഞ്ചിലേക്ക് മാറുന്നതിനുള്ള യാത്രയപ്പും അനുമോദനവും സംഘടിപ്പിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ഇ.എൻ. ഉഷ, മണ്ടൂക്ക് മോഹനൻ, കെ. രജനി, കെ. ദീപ, ചെരിച്ചൻ ഉഷ എന്നിവർ സംസാരിച്ചു.