76-ാം വയസ്സിൽ പത്താം ക്ലാസ് വിജയം: രുക്മിണിയമ്മയ്ക്ക് അനുമോദനവുമായ് മലയാളം മിഷൻ ദുബായ്

ദുബായ്: 76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി വിജയിച്ച രുക്മിണിയമ്മയെ അനുമോദിച്ച് മലയാളം മിഷൻ ദുബായ് ചാപ്‌റ്റർ. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ദുബായ് ചാപ്റ്ററിനുവേണ്ടി ചെയർമാൻ വിനോദ് നമ്പ്യാർ രുക്മിണിയമ്മയെ അനുമോദിച്ചു. തുല്യത അധ്യാപകനായ ഷിജോ വർഗീസ്, സെന്റർ കോഓർഡിനേറ്റർമാരായ പി ജിഷ, എം പി രജനി എന്നിവരും രുക്‌മിണിയമ്മയുടെ 60 സഹപാഠികളും ചടങ്ങിൽ പങ്കെടുത്തു.
14-ാം വയസ്സിൽ വിവാഹം കഴിഞ്ഞതോടെ ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് രുക്‌മിണിയമ്മയുടെ പഠനം നിലച്ചത്. പിന്നീട് 52-ാം വയസ്സിൽ കുടുംബശ്രീ പ്രവർത്തക ആയതോടെയാണ് വായനയ്ക്കൊപ്പം എഴുത്തുകൂടി കടന്നുവരുന്നത്. തുല്യതാ പരീക്ഷയിലൂടെ പത്താംക്ലാസ് പാസായ അവർ നിലവിൽ സാക്ഷരത മിഷനും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഹയർ സെക്കൻഡറി പഠനപദ്ധതിയിൽ ഒന്നാംവർഷ പഠിതാവാണ്.
പത്താംക്ലാസ് പഠനത്തിനിടെ, മകനെ സന്ദർശിക്കാൻ ദുബായിലെത്തിയപ്പോൾ മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്നുവരെ എഴുതിയ കവിതകൾ ചേർത്ത് പ്രസിദ്ധീകരിച്ച സമാഹാരത്തിൽ നിന്നുള്ള കവിതകളും കുട്ടികൾക്കായി പങ്കുവച്ചിരുന്നു.