ജറുസലേമില്‍ വന്‍ കാട്ടുതീ; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

ജറുസലേം: ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാന്‍ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ യുദ്ധങ്ങളിൽ കൊല്ലപ്പെട്ട ഇസ്രയേലി സൈനികരെ സ്മരിക്കുന്ന ദിവസമാണ് ഈ വൻ അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കര്‍ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ദുഷ്‌കരമാക്കുന്നത്.