പേവിഷബാധ; മുറിവേറ്റാൽ നന്നായി കഴുകണം, പരമാവധി വേ​ഗത്തിൽ വാക്സിൻ

Share our post

പെരുവള്ളൂരിൽ പേവിഷബാധ മൂലം പെൺകുട്ടി മരിച്ച സാഹചര്യത്തിൽ ഈ ഭയാനകമായ രോഗത്തെക്കുറിച്ച് കൂടുതൽ ജാഗ്രതയുണ്ടാവേണ്ടതുണ്ട്. രോഗബാധിതരായാൽ രക്ഷപ്പെടാൻ സാധ്യതയില്ലാത്ത വൈറസ് ബാധയാണിത്. അതുകൊണ്ടുതന്നെ തെരുവുനായ്‌ക്കളുമായും വളർത്തുമൃഗങ്ങളുമായും ഇടപെടുമ്പോൾ ഏറെ കരുതൽവേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകുന്നു.

 പേയുടെ ചരിത്രം…

അരിസ്റ്റോട്ടിലിനെപ്പോലുള്ളവർ ഈ രോഗത്തിന്റെ ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളതിനാൽ അക്കാലത്തുതന്നെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.

പണ്ടുള്ളവർ പേപ്പട്ടികടിച്ചാൽ മുറിവിൽ ഇരുമ്പുപഴുപ്പിച്ച് വെച്ചാണ് ചികിത്സിച്ചിരുന്നത്. ഇതുമൂലം മുറിവുപഴുത്തും പലരും മരിച്ചിട്ടുണ്ട്.

ഇന്നും ലോകത്ത് ഓരോവർഷവും 55,000 പേർ പേവിഷബാധമൂലം മരിക്കുന്നതായാണ് കണക്ക്.

 രോഗം പകരുന്നത്…

നമ്മുടെ നാട്ടിൽ തെരുവുനായ്‌ക്കളാണ് പ്രധാന രോഗവാഹകരെങ്കിലും വിദേശങ്ങളിൽ വവ്വാലുകളും രോഗംപരത്തുന്നുണ്ട്. രോഗംബാധിച്ച ജീവികൾ കടിച്ചാലും മാന്തിയാലും മുറിവുള്ളയിടങ്ങളിൽ നക്കിയാൽപ്പോലും രോഗം പകരാം.

ആർ.എൻ.എ വൈറസാണ് രോഗകാരി. വളരെ മെല്ലെമാത്രം ശരീരത്തിലൂടെ സഞ്ചരിക്കുന്ന ഇത് കേന്ദ്ര നാഡീവ്യൂഹത്തിലൂടെ തലച്ചോറിലും സുഷുമ്‌നാ നാഡിയിലുമാണ് പ്രവർത്തിക്കുക.

 കടിയേറ്റാൽ ചെയ്യേണ്ടത്…

ഇത്തരം ജീവികളിൽ നിന്ന് കടിയേറ്റാൽ മുറിവേറ്റ ഇടം ശക്തമായ ജലപ്രവാഹത്തിൽ കൂടുതൽ സമയം കഴുകണം. സോപ്പുപോലുള്ള അണുനാശിനികളും ഉപയോഗിക്കാം. പരമാവധി വേഗത്തിൽ ആശുപത്രികളിലെത്തി വാക്‌സിൻ സ്വീകരിക്കണം. എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി-കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും വാക്‌സിൻ ലഭ്യമാണ്. നേരത്തേത്തന്നെ ആന്റി റാബിസ് വാക്‌സിൻ എടുക്കുന്നതിനും സൗകര്യമുണ്ട്. രോഗലക്ഷണങ്ങൾ കാണാൻ മാസങ്ങളെടുക്കാം.

നേരത്തേ പൊക്കിളിന് ചുറ്റും 14 ഇൻജക്‌ഷൻ നൽകിയിരുന്നു. ഇന്ന് തൊലിപ്പുറത്തോ പേശികളിലോ ആണ് നൽകുന്നത്. എണ്ണവും കുറഞ്ഞു.

 ജില്ലയിലെ സൗകര്യങ്ങൾ…

ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രികളായ പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നിവിടങ്ങളിലും മലപ്പുറം, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, കുറ്റിപ്പുറം, പൊന്നാനി, എന്നീ താലൂക്ക് ആശുപത്രികളിലും പൊന്നാനിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാണ്.

ഗുരുതരമായ കാറ്റഗറി മൂന്നിൽപ്പെട്ട കേസുകൾക്ക് വാക്‌സിനു പുറമേ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പു കൂടി എടുക്കണം.

വന്യമൃഗങ്ങളുടെ കടിയോ, മാന്തലോ ഉണ്ടായാലും അതും കാറ്റഗറി മൂന്ന് ആയാണ് കണക്കാക്കുക.

 ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ…

വളർത്തുമൃഗങ്ങൾക്ക് കൃത്യമായി വാക്‌സിനേഷൻ നൽകണം. അതിനു ശേഷം കടിയേറ്റാലും നമ്മൾ പേവിഷ വാക്‌സിൻ എടുക്കണം.

മൃഗങ്ങളുമായി ഇടകലരുന്നവർ മുൻകൂട്ടി പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്.

പേവിഷബാധ മരണം: കുട്ടിക്ക് പ്രാഥമിക ചികിത്സ ലഭിക്കാത്തത് അന്വേഷിക്കും
പെരുവള്ളൂർ : പേ വിഷബാധയിൽ വിദ്യാർഥിനി മരിക്കാനിടയായതിനെത്തുടർന്ന് പി. അബ്ദുൾഹമീദ് എംഎൽഎ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും മണ്ഡലത്തിലെ പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്കായി തിരൂരങ്ങാടി താലൂക്കാശുപത്രിയിലെത്തിയ കുട്ടിക്ക് വാക്സിനേഷനടക്കമുള്ള പ്രാഥമികചികിത്സ ലഭിക്കാത്തത് സംബന്ധിച്ചും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ കുട്ടിക്കുവേണ്ട ചികിത്സ ലഭിക്കാത്തത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കടിയേറ്റവർക്ക് ആശ്വാസമേകാൻ ആരോഗ്യവിഭാഗം പ്രത്യേക കൗൺസലിങ്‌ നടത്തും.

മരിച്ച കുട്ടിയുടെ കുടുംബത്തിനും ചികിത്സയിൽ കഴിയുന്നവർക്കും സർക്കാർ സഹായം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എബിസി കേന്ദ്രം ആരംഭിക്കാൻ സർവകലാശാല സ്ഥലം അനുവദിക്കണമെന്നും തെരുവുനായ്‌ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതിക്കായി സ്ഥലം ലഭ്യമാക്കുന്നതിനും കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കേറ്റ് പ്രതിനിധികൾ, കാലിക്കറ്റ് എയർപ്പോർട്ട് ഡയറക്ടർ എന്നിവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗംവിളിക്കാൻ കളക്ടറോട് ആവശ്യപ്പെടുവാനും യോഗത്തിൽ തീരുമാനമായി.

ജില്ലയിൽ ഇത്തരത്തിൽ ഒരു വർഷത്തിനിടയിൽ ആറ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
600 വാക്സിനുകൾ ഈവർഷം നൽകിയിട്ടുണ്ട്. അതിൽ ആറുപേരാണ് മരിച്ചതെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ. സി. സുബിൻ പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ഷാജി, തിരൂരങ്ങാടി താലൂക്ക് തഹസിൽദാർ പി.ഒ. സാദിഖ്, തദ്ദേശ സ്വയംഭരണവിഭാഗം ജോയിന്റ് ഡയറക്ടറുടെ പ്രതിനിധി ടി. മനോജ്‌കുമാർ, പെരുവള്ളൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, മൂന്നിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹറാബി, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!