വഖഫ് നിയമ ഭേദഗതി: ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കുക

ന്യൂഡൽഹി: വഖഫ് സ്വത്തുക്കളിൽ പിടിമുറുക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിനെതിരെ ബുധനാഴ്ച രാത്രി ഒമ്പത് മണി മുതൽ15 മിനിറ്റ് നേരത്തേക്ക് ലൈറ്റുകൾ അണച്ച് പ്രതിഷേധിക്കാൻ അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രാജ്യത്തെ മുഴുവൻ പൗരന്മാരോടും ആഹ്വാനം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി മറ്റു പ്രതിഷേധ പരിപാടികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതുമയുള്ള പ്രതിഷേധത്തിന് ബോർഡ് തീരുമാനിച്ചത്. രആരതി ഒമ്പത് മണി മുതൽ ഒമ്പതേ കാൽ വരെ 15 മിനിറ്റ് നേരത്തേക്കാണ് ലൈറ്റണക്കാനുള്ള ആഹ്വാനം.വഖഫിനെതിരായ പ്രതിഷേധം ഭയത്തിൽ നിന്നുണ്ടായതല്ലെന്നും നീതിക്കും ഭരണഘടനക്കും വേണ്ടിയുള്ളതാണെന്നും അഖിലേന്ത്യാ മുസ്‍ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറിയും സുപ്രീംകോടതി വിശദ വാദം കേൾക്കുന്ന ഹരജിക്കാരിലൊരാളുമായ മൗലാന മുഹമ്മദ് ഫസ്‍ലുർറഹ്മാൻ മുജദ്ദിദി പറഞ്ഞു.
ബോർഡിന്റെ ഒന്നാം ഘട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് രാജ്യവ്യാപകമായി ഈ പ്രതീകാത്മക പ്രതിഷേധത്തിനുള്ള തീരുമാനം. ബോർഡിന്റെ നേതൃത്വത്തിൽ വഖഫ് ബില്ലിനെതിരെ നടക്കുന്ന ദേശവ്യാപക പ്രക്ഷോഭത്തിൽ മുസ്‍ലിം സംഘടനകൾക്ക് പുറമെ പ്രതിപക്ഷ പാർട്ടികളും പിന്തുണ നൽകുന്നുണ്ട്.