കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കാൻ എൽ.ഡി.എഫ് നീക്കം; കോൺഗ്രസ്

പേരാവൂർ: കോളയാട്ടെ പൊതുശ്മശാനം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റാനാണ് എൽഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന് കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പൊതുശ്മശാനത്തിൽ പഞ്ചായത്തധികൃതർ തന്നെ മാലിന്യം കുഴിച്ചിടുന്നത്. ഇതിനെതിരെ അന്വേഷണം വേണം.
കഴിഞ്ഞ 13 വർഷങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രത്തിന് ഒരു തുണ്ട് ഭൂമി പോലും വാങ്ങാൻ സാധിച്ചിട്ടില്ല. 2010-ൽ യുഡിഎഫ് പ്രകടന പത്രികയിൽ പൊതുശ്മശാനം വാഗ്ദാനം ചെയ്യുകയും ഭരണം ലഭിച്ച ഉടനെ 50 സെൻ്റ് ഭൂമി വാങ്ങുകയും പ്രാരംഭ നിർമാണമാരംഭിക്കുകയും ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫിന് നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
മത്സ്യ മാർക്കറ്റിലെ മാലിന്യം ശ്മശാനത്തിൽ കുഴിച്ചുമൂടിയത് ഹീനമായ പ്രവൃത്തിയാണ്. മൃതദേഹങ്ങൾ സംസ്കരിക്കുന്ന സ്ഥലമായതിനാൽ പാവനമായി കണക്കാക്കുന്ന ശ്മശാനത്തിൽ ഇന്ന് മാലിന്യം നിക്ഷേപിച്ചവർ നാളെ ടൗണിലെ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുമെന്ന ആശങ്കയുണ്ട്.
പഞ്ചായത്ത് ഭരണ സമിതി ഐക്യകണ്ഠേന തീരുമാനമെടുത്താണ് ശ്മശാനത്തിൽ മാലിന്യം നിക്ഷേപിച്ചതെന്നത് വസ്തുതാ വിരുദ്ധമാണ്. പഞ്ചായത്തിലെ കോൺഗ്രസ് അംഗം റോയ് പൗലോസിൻ്റെ കൃഷിയിടത്തിൽ കുഴിയെടുത്ത് സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രസ്തുത തീരുമാനം അട്ടിമറിച്ച് അർദ്ധരാത്രിയിൽ ശ്മശാനത്തിൽ മാലിന്യം കുഴിച്ചുമൂടിയതിന് എൽഡിഎഫ് ഭരണസമിതി മറുപടി പറയണം.
സംഭവത്തിൽ അന്വേഷണ മാവശ്യപ്പെട്ട് കളക്ടർക്കും മറ്റധികൃതർക്കും പരാതി നല്കിയിട്ടുണ്ട്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോവും. പത്രസമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് സാജൻ ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി രാജൻ കണ്ണങ്കേരി, പഞ്ചായത്തംഗങ്ങളായ റോയ് പൗലോസ്, കെ.വി.ജോസഫ്, വി. ശാലിനി, പി.സജീവൻ എന്നിവർ സംസാരിച്ചു.