സംസ്ഥാനത്ത് സ്ത്രീകൾക്ക് ആശ്രയം; 181 വനിതാ ഹെൽപ് ലൈൻ പെൺജീവിതത്തിൻ്റെ ലൈഫ് ലൈൻ

Share our post

തിരുവനന്തപുരം: ഒരാൾക്ക് അത് അപരിചിതനായിരിക്കാം, മറ്റൊരാൾക്ക് അയൽവാസി, മറ്റൊരിടത്ത് അത് ഭർത്താവ്, അതുമല്ലെങ്കിൽ കാമുകൻ. ജീവിതം ഒരു ലൈഫ് ലൈൻ തിരയുന്ന ഘട്ടത്തിൽ നിന്ന് ഭയം കൊണ്ട് വിറച്ച് വിമൻ ഹെൽപ്‌ലൈൻ നമ്പറിലേക്ക് വരുന്ന ഓരോ കോളിനും പിന്നിൽ പിടയ്ക്കുന്ന ഹൃദയമുണ്ട്.പത്ത് വർഷമായി തുടരുന്ന പ്രണയബന്ധം വളരെ ടോക്സിക് ആയി മാറിയ ഘട്ടത്തിലാണ് വിവാഹിതയും അമ്മയുമായ യുവതി ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഫോൺ ഉപയോഗിക്കാനും സുഹൃത്തുക്കളോട് സംസാരിക്കാനും പോലും യുവതിക്ക് സാധിക്കാത്ത സ്ഥിതിയായിരുന്നു. കെഎസ്ആർടിസി ബസിൽ അപരിചിതൻ്റെ ഭാഗത്ത് നിന്നുണ്ടായ ലൈംഗികാതിക്രമമായിരുന്നു മറ്റൊരു സംഭവം. അയൽവാസിയുടെ അതിക്രമം ഭയന്ന് പെങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നായിരുന്നു സഹോദരൻ കണ്ണീരടക്കിക്കൊണ്ട് പറഞ്ഞത്. അർധരാത്രി വീട്ടിൽ നിന്നും ഭർത്താവ് അടിച്ചുപുറത്താക്കി രാത്രി മുഴുവൻ വീടിന് പുറത്ത് കഴിച്ചുകൂട്ടിയ യുവതിക്ക് മനോധൈര്യം നൽകിയതടക്കം വിമൻ ഹെൽപ് ലൈനാണ്. ഭീതിയുടെ ഇരുട്ടിൽ നിന്ന് പ്രതീക്ഷയുടെ വെളിച്ചത്തിലാണ് ഇവരെല്ലാം ഇന്ന് കഴിയുന്നത്.

2017-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജയും ചേർന്ന് തുടക്കം കുറിച്ച പദ്ധതി ടെക്നോപാർകിലാണ് പ്രവർത്തനം ആരംഭിച്ചത്. ഈ ഹെൽപ് ലൈനിലേക്ക് 2017 മുതൽ വന്ന കോളുകളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2022 മുതൽ പ്രതിവർഷം ഒരു ലക്ഷത്തിലേറെ കോളുകൾ ഹെൽപ് ലൈനിലേക്ക് എത്തുന്നുണ്ട്.

സേവനം ആരംഭിച്ച ആദ്യ വർഷം (2017) കോൾ സെൻ്ററിലേക്ക് 11669 പേരാണ് ബന്ധപ്പെട്ടത്. പിന്നീടുള്ള വർഷങ്ങളിൽ കോളുകളുടെ എണ്ണം ക്രമമായി ഉയർന്നത് സേവനം ആശയറ്റ സ്ത്രീകൾക്ക് അവലംബമായി മാറിയതിന് തെളിവാണ്. 2018 ൽ 26268, 2019 ൽ 19631, 2020 ൽ 25901, 2021 ൽ 29915 പേരുമാണ് കോൾ സെൻ്ററിലേക്ക് ബന്ധപ്പെട്ടത്. 2022 ൽ കോൾ സെൻ്ററിൻ്റെ പ്രചാരം വർധിക്കുകയും 93050 കോളുകൾ എത്തുകയും ചെയ്തു. 2023 ൽ 106961 കോളുകളാണ് ഹെൽപ് ലൈനിൽ എത്തിയത്. ലഭ്യമായ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 2025 മാർച്ച് വരെ 130974 കോളുകളും എത്തി.

2013 ലാണ് അന്നത്തെ കേന്ദ്രസർക്കാർ 181 എന്ന ഹെൽപ് ലൈൻ നമ്പർ രാജ്യത്തെമ്പാടും സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ചത്. കേരളത്തിൽ 2017 മാർച്ചിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരള സംസ്ഥാന വനിതാ വികസന കോർപറേഷനാണ് 24*7 സമയവും സേവനം ലഭിക്കുന്ന കൺട്രോൾ റൂം തുറക്കുകയും സേവനം സംസ്ഥാനത്ത് ലഭ്യമാക്കുകയും ചെയ്തത്. സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിക്കുണ്ടായിരുന്നത്. സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുക, സർക്കാർ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുക, നിത്യ ജീവിതത്തിൽ ആവശ്യമായ സേവനം (ഉദാ: അടുത്തുള്ളആശുപത്രി, ഡേ കെയർ തുടങ്ങിയ വിവരങ്ങൾ) സ്ത്രീകൾക്ക് നൽകുക, പോലീസിൻ്റെ അടിയന്തര സേവനം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഹെൽപ് ലൈൻ വഴി നൽകുന്നത്.ഹെൽപ് ലൈൻ്റെ പ്രവർത്തനം 2023 ൽ കൂടുതൽ ശക്തിപ്പെടുത്തുകയും വനിതാ-ശിശു ഡയറക്ടറേറ്റിലേക്ക് ഹെൽപ് ലൈൻ സെൻ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്തു. അതുവരെ മിത്ര 181 എന്നറിയപ്പെട്ടിരുന്ന സംവിധാനം 181 വിമൻ ഹെൽപ് ലൈൻ എന്ന് പുനർനാമകരണം ചെയ്തു. 181 വനിതാ ഹെൽപ് ലൈനിലെ നെറ്റ്‌വർക് അഡ്‌മിനിസ്ട്രേറ്റർ ഒഴികെ എല്ലാ ജീവനക്കാരും സ്ത്രീകളും നിയമത്തിലോ, സോഷ്യൽ വർക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ പ്രൊഫഷണലുകളുമാണ്. ആരോടും പറയാത്ത, പറഞ്ഞിട്ടും ഫലമില്ലാത്ത മനസിൻ്റെ വ്യഥകൾ പങ്കുവെക്കാനും പരിഹാരം കാണാനും സധൈര്യം വിളിക്കൂ, 181 വിമൻ ഹെൽപ് ലൈനിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!