വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ

Share our post

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും പണം നൽകാതെ ഇരുപതിനായിരത്തിലേറെ ജീവനക്കാർ. ഇവരുടെ വിഹിതം എത്രയുംവേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ മാറ്റാൻ സർക്കാർ കർശനനിർദേശം നൽകി.പ്രോവിഡന്റ് ഫണ്ടിൽനിന്നും ലീവ് സറണ്ടറിൽനിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണ് കൊടുക്കാതിരുന്നത്. ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. ഇതിനു തയ്യാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറിയത്. ഇവരിൽപലരും സംഭാവന നൽകിയെന്ന പേരിൽ ആദായനികുതി ഇളവും നേടിയിട്ടുണ്ട്. ജീവനക്കാരുടെ അനുമതിക്കും അപേക്ഷയ്ക്കും കാത്തുനിൽക്കാതെ എത്രയുംവേഗം പണം പിടിച്ച് ദുരിതാശ്വാസനിധിയിലേക്ക്‌ മാറ്റാൻ ശമ്പളവിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് ആവശ്യപ്പെട്ടു. പാലിക്കാത്തവരുടെ അടുത്തമാസത്തെ ശമ്പളബിൽ തയ്യാറാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുമെന്ന മുന്നറിയിപ്പും നൽകി. പണം നൽകാത്തവരിൽ അയ്യായിരത്തോളംപേർ ഗസറ്റഡ് ഓഫീസർമാരാണ്. അഞ്ചുലക്ഷത്തിലേറെ വരുന്ന ജീവനക്കാരിൽ പകുതിയോളംപേർ മാത്രമാണ് (ഏകദേശം 52% ) സാലറി ചലഞ്ചിൽ പങ്കെടുത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!