വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പേരാവൂർ സ്വദേശിനി പണം തട്ടിയതായി പരാതി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലും കിൻഫ്ര പാർക്കിലും ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് പരാതി. ഗ്ലോബൽ കാർഗോ സർവീസ് എന്ന പേരിൽ തുടങ്ങുന്ന ഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.ഉദ്യോഗാർഥികളിൽ നിന്ന് 2000 മുതൽ 4000 രൂപ വരെയാണ് വാങ്ങിയത്. 200,00 രൂപയിലധികം രൂപ മാസശമ്പളവും വാഗ്ദാനം ചെയ്തു.പേരാവൂർ സ്വദേശിനിയായ സ്ത്രീയാണ് പണം വാങ്ങിയതെന്നാണ് പരാതി. പണം നൽകിയവരോട് സ്ഥാപനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ചയാണെന്ന് പറഞ്ഞ് മട്ടന്നൂരിൽ വിളിച്ചു വരുത്തുകയായിരുന്നു. ഉദ്യോഗാർഥികളിൽ ചിലർ കെ.കെ ശൈലജ എംഎൽഎയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി എ.പി.രാഗിന്ദ് കിൻഫ്രയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു കമ്പനിയും കിൻഫ്രയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അറിഞ്ഞു. 70 ഓളം പേരാണ് ജോലിക്കായി എത്തിയിരുന്നത്. തുടർന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.അടുത്ത മാസം ഒന്നാം തീയതിക്കുള്ളിൽ പണം തിരികെ നൽകുമെന്ന് ധാരണയിലാണ് പ്രതിഷേധം നിർത്തിയത്. ഉദ്യോഗാർഥികളും ഡിവൈഎഫ്ഐയും പോലീസിൽ പരാതി നൽകി.