വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു

Share our post

തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗവുമായി മല്ലിടുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!